ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കിയെന്നും അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്നും ധനമന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത് വലിയ സാമൂഹിക സാമ്പത്തിക മാറ്റത്തിന് തുടക്കമിട്ടുവെന്നും ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു. ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്കി. അവരുടെ ആവശ്യങ്ങളെ പരിഗണിച്ചു. ഈ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും ദരിദ്രരുടെ ഉന്നമനത്തിലാണ് മോഡി സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാമേഖലകളെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കര്‍ഷകരെയും കേന്ദ്രീകരിച്ചായിരുന്നു വികസനപ്രവര്‍ത്തനങ്ങള്‍. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായി. നാലുകോടി കര്‍ഷകര്‍ക്ക് പി.എം. ഫസല്യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് നല്‍കിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പിഎം കിസാന്‍ യോജനയിലൂടെ 11.8 കോടി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്കി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചു. സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
Discussion about this post