പാലക്കാട്: മദ്യപിച്ച ശേഷം പണത്തെ ചൊല്ലി ആലത്തൂരിലെ ബാറിൽ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കയ്യാങ്കളിക്കിടെ എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പുണ്ടായി. ഇതിനിടെ ബാർ മാനേജരായ രഘുവിന് വാരിയെല്ലിന് പരിക്കുമേറ്റു. കാവശ്ശേരിയ്ക്കടുത്തുള്ള ബാറിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കഞ്ചിക്കോട് സ്വദേശികളായ യുവാക്കളുടെ സംഘമാണ് ബാറിൽ സംഘർഷമുണ്ടാക്കിയത്. മദ്യപിച്ചശേഷം പണം നൽകുന്നതിനെ ചൊല്ലി യുവാക്കളും ബാറിലെ ജീവനക്കാരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. പിന്നീട് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും യുവാക്കൾ എയർഗൺ പ്രയോഗിക്കുകയുമായിരുന്നു.
ഇതിനിടെയാണ് എയർഗൺ പൊട്ടി മാനേജർ രഘുവിന് വെടിയേറ്റത്. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം, യുവാക്കളുടെ സംഘത്തിൽപ്പെട്ട അഞ്ചുപേരെ ബാറിൽനിന്ന് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ഈ സംഘത്തിൽ ഒരാൾകൂടി ഉണ്ടെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. അറസ്റ്റിലായ അഞ്ചുപേരുടേയും മറ്റുവിവരങ്ങൾ ലഭിച്ചിട്ടില്ല.
Discussion about this post