പട്ടായ: തായ്‌ലാൻഡിലെത്തി ആകാശച്ചാട്ടം നടത്തുന്നതിനിടെ പാരഷൂട്ടിന് സംഭവിച്ച സാങ്കേതിക തകരാർ യുവാവിന്റെ ജീവനെടുത്തു. പാരഷൂട്ട് തുറക്കാൻ സാധിക്കാതെ വന്നതോടെ 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ് ബേസ് ജംപറാണ് മരണപ്പെട്ടത്.
തായ്ലൻഡിലെ പട്ടായയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. നാതി ഒഡിൻസൻ എന്ന സോഷ്യൽമീഡിയയിൽ പ്രശസ്തനായ മുപ്പത്തിമൂന്നുകാരനാണ് മരണപ്പെട്ടത്. തലയിടിച്ചുവീണായിരുന്നു മരണം. ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടിയ നാതി മരങ്ങൾക്കിടയിലൂടെ താഴെ വീണതായി കണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നാതിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പട്ടായയിലെ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിനു മുകളിൽനിന്ന് നിയമവിരുദ്ധമായാണ് ഇയാൾ ആകാശച്ചാട്ടം നടത്തിയതെന്നാണ് വിവരം.
ആവശ്യമായ അനുമതി നാതിക്കു ലഭിച്ചിരുന്നില്ല. അതേസമയം, നാതി ഇതിനു മുൻപും ഇതേ കെട്ടിടത്തിൽനിന്ന് ആകാശച്ചാട്ടം നടത്തിയിരുന്നെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആകാശച്ചാട്ടം വിഡിയോയിൽ പകർത്താൻ ഏൽപ്പിച്ചാണ് നാതി താഴേക്ക് എടുത്തു ചാടിയത്.
കൗണ്ട്ഡൗൺ എണ്ണി താഴേക്ക് ചാടിയെങ്കിലും പാരഷൂട്ട് നിവർത്താനായില്ല. ഇതോടെ തലയിടിച്ച് താഴെ വീണ് മരണപ്പെടുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post