കുമളി: ഉറ്റവരും ഉടയവരും ഉള്‍പ്പടെ എല്ലാവരുമുണ്ടായിട്ടും ആരോരുമില്ലാതെ തനിച്ചായി മരണത്തിന് കീഴടങ്ങിയ അന്നക്കുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ഒരു നാട്. കുമളി ബസ് സ്റ്റാന്‍ഡില്‍ അന്നക്കുട്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച് ആദരവോടെ യാത്രാമൊഴി ചൊല്ലുകയായിരുന്നു കുമളിയിലെയും ചുറ്റുവട്ടത്തേയും സുമനസുകള്‍.
ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്, സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍, പോലീസ്, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനൊഴുകി എത്തി. പൊകതുദചര്‍ശനത്തിന് ശേഷം കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിയിലായിരുന്നു സംസ്‌കാരം.
മക്കളും ബന്ധുക്കളും ഉപേക്ഷിച്ചതോടെയാണ് കുമളി അട്ടപ്പള്ളം മൈലയ്ക്കല്‍ അന്നക്കുട്ടി മാത്യു (76) ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്. രോഗാവസ്ഥയിലായ അന്നക്കുട്ടിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും ശനിയാഴ്ച രാവിലെ 10ഓടെ മരണപ്പെട്ടു.
അട്ടപ്പള്ളത്ത് വാടകവീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്ന അന്നക്കുട്ടിയുടെ വലതുകൈക്ക് ഒടിവും സംഭവിച്ചിരുന്നു. വയര്‍ നീര്‍കെട്ടി വീര്‍ത്ത അവസ്ഥയില്‍ അവശനിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. അഞ്ച് ദിവസമായി പൂര്‍ണമായി കിടപ്പിലായതോടെ പഞ്ചായത്ത് ജനപ്രതിനിധികള്‍ ഇടപെട്ടാണ് ചികിത്സ ഉറപ്പാക്കിയത്.
വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ജയമോള്‍ മനോജും പോലീസും ഇടപെട്ട് രണ്ട് മക്കളെയും വിളിച്ചുവരുത്തി അന്നക്കുട്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ ശ്രമം നടത്തിയെങ്കിലും മക്കള്‍ പിന്മാറി. തുടര്‍ന്ന് കുമളി സിഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
കുമളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. നിലഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ ഭര്‍ത്താവ് മരണപ്പെട്ട അന്നക്കുട്ടിയുടെ മകന്‍ ബാങ്ക് ജീവനക്കാരനാണ്. ാെരു മകളുമുണ്ട്. മക്കള്‍ കുടുംബമായി കുമളിയില്‍ തന്നെയാണ് താമസം. മകന്റെ സംരക്ഷണയിലാണ് ഇവര്‍ മുന്‍പ് കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കി മക്കള്‍ അന്നക്കുട്ടിയെ വാടകവീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
മക്കള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുകയായിരുന്നു ഏക വരുമാനം. അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാനായി പലരും മുന്നോട്ട് വന്നെങ്കിലും അന്നക്കുട്ടിക്ക് അനുകൂലമായി ഒന്നും സംഭവിച്ചില്ല.
Discussion about this post