മൂവാറ്റുപുഴ: ആയുർവേദ ഉപകരണ നിർമാണ കമ്പനിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ജീവനക്കാരിയായ അമ്മയും ഡോക്ടറായ മകളും പിടിയിൽ. വ്യാജ ഡിജിറ്റൽ രേഖകൾ സൃഷ്ടിച്ചും സോഫ്റ്റ്വെയറിൽ കൃത്രിമം നടത്തിയുമാണ് ഇവർ പണം കവർന്നതെന്നാണ് സ്ഥാപനത്തിന്റെ പരാതി.
ആയുർവേദ ഉപകരണങ്ങൾ നിർമിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപന നടത്തുന്ന ദ്രോണി ആയുർവേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫിസിലാണു കൃത്രിമം നടന്നത്. കമ്പനിയിലെ അക്കൗണ്ട്സ് കം ടെലി മാർക്കറ്റിങ് ജീവനക്കാരിയായ കോതമംഗലം തൃക്കാരിയൂർ വെളിയത്ത് വിനായകം രാജശ്രീ എസ് പിള്ള (52), മകൾ ഡോ. ലക്ഷ്മി നായർ (25) എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപന നടത്തിയുമാണു പണം തട്ടിയെടുത്തത്. രാജശ്രീ മകൾ ലക്ഷ്മി നായരുടെ സഹായത്തോടെയാണു തട്ടിപ്പു നടത്തിയതെന്നാണു പോലീസ് പറയുന്നത്.
ഈ തട്ടിപ്പിൽ കൊച്ചിയിലെ പുതുതായി ആരംഭിച്ച മറ്റൊരു ആയുർവേദ ഉപകരണ നിർമാണ കമ്പനിയിലെ ഉടമസ്ഥരും പങ്കാളികളാണെന്നു കമ്പനി മാനേജ്മെന്റ് പരാതിപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച ഡിജിറ്റൽ രേഖകളും പോലീസിനു കൈമാറി.
ലാഭത്തിലായിരുന്ന കമ്പനി മാസങ്ങളായി നഷ്ടത്തിലായിരുന്നു. തുടർന്ന് കമ്പനി ഗത്യന്തരമില്ലാതെ വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ വരെ പിരിച്ചു വിട്ടിരുന്നു. ഈ സാഹചര്യത്തിലും ഇവർ തട്ടിപ്പു തുടർന്നുവെന്നു കമ്പനി അധികൃതർ പറയുന്നു. തുടർന്ന് ആഴ്ചകളോളം നീണ്ട സൂക്ഷ്മ പരിശോധനയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് ആണ് തട്ടിപ്പിനു പിന്നിൽ രാജശ്രീ ആണെന്നു തിരിച്ചറിയാൻ സഹായിച്ചത്.
ALSO READ- പ്രധാനമന്ത്രിക്ക് ഗുരുവായൂരിൽ താമര കൊണ്ട് തുലാഭാരം;വിവാഹത്തിന് എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം;3000 പോലീസുകാരുടെ അകമ്പടി
കേസിൽ പ്രതിയായ രാജശ്രീ എസ്എസ്എൽസി ബുക്ക് കൃത്രിമമായി നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ വൈദ്യശാസ്ത്ര പഠനത്തിനു ശേഷം യുകെയിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഡോ. ലക്ഷ്മി .
ഇവർ ഡിസംബർ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് നാട്ടിൽ എത്തിയത്. വിവാഹം നടന്ന് ആഴ്ചകൾക്കുള്ളിലാണ് തട്ടിപ്പ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
Discussion about this post