തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജനുവരി 17നാണ് അവധി.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
അതേസമയം, ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
കൂടാതെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങള്‍ മോഡി സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 17ന് തൃശൂര്‍, കുന്നംക്കുളം, ചാവക്കാട്, കൊടുങ്ങലൂര്‍ താലൂക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
Discussion about this post