ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യര്‍. പ്രതിഷ്ഠ ആചാര വിധി പ്രകാരം വേണം, അയോധ്യയില്‍ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ലെന്നും പുരി ശങ്കരാചാര്യര്‍ വിമര്‍ശിച്ചു. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാരും രംഗത്ത് എത്തിയിരുന്നു. ക്ഷേത്രം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിര്‍ മഠം ശങ്കാരാചാര്യര്‍ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോഡി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കിയിരുന്നു.
അയോധ്യയിലെ ചടങ്ങില്‍ നിന്ന് നാല് ശങ്കരാചാര്യന്മാര്‍ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാരും രംഗത്തെത്തിയത്.
നേരത്തെ സോണിയാ ഗാന്ധിക്ക് അയോധ്യയിലേക്കുള്ള ക്ഷണം കിട്ടിയിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധിയോ അവര്‍ നിര്‍ദ്ദേശിക്കുന്ന സംഘമോ പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗ് അറിയിച്ചിരുന്നു. പിന്നാലെ പാര്‍ട്ടിയില്‍ രണ്ട് ചേരി തന്നെ രൂപപ്പെട്ടു.
Discussion about this post