ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സഹപാഠികളായിരുന്ന ഐശ്വര്യയും ദളിത് യുവാവായ ബി നവീനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായ നവീന്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയെ വിവാഹം ചെയ്തശേഷം വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി.
ജനുവരി രണ്ടിന് മകളെ കാണാനില്ലെന്ന പരാതിയുമായി ഐശ്വര്യയുടെ അച്ഛന് പെരുമാള്‍ പല്ലടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഇതേ തുടര്‍ന്ന് ഐശ്വര്യയെ വിളിച്ചുവരുത്തിയ പോലീസ് അച്ഛനൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും നവീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അഞ്ച് ദിവസത്തിനുശേഷം ഐശ്വര്യക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീന്‍ വീണ്ടും പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി അറിഞ്ഞത്.
Discussion about this post