ഹൈദരാബാദ്: ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻഇന്ത്യൻ താരം കൂടിയായ അമ്പാട്ടി റായ്ഡു രാഷ്ട്രീയത്തിൽ ചേർന്ന് പത്താം നാൾ രാഷ്ട്രീയം വിട്ടു. ആന്ധ്രപ്രദേശിൽ ഭരണത്തിലിരിക്കുന്ന വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന താരം, വിഷയം സജീവ ചർച്ചയായിരിക്കെ തന്നെ പാർട്ടി വിട്ടത് സകലരേയും അമ്പരപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് നീലയും പച്ചയും നിറത്തിലുള്ള ഷാളണിഞ്ഞ് റായുഡു വളരെ ആഘോഷപൂർവ്വം രാഷഅട്രീയ പ്രവേശനം നടത്തിയത്. എന്നാൽ ഇക്കാര്യം വലിയ ചർച്ചയാകുന്നതിനിടെ അമ്പാട്ടി റായ്ഡു എക്സിൽ ഒരു കുറിപ്പ് പങ്കിട്ട് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
ശനിയാഴ്ച റായുഡുവിന്റെ അപ്രതീക്ഷിത ട്വീറ്റാണ് സോഷ്യൽമീഡിയയിൽ എത്തിയത്. താൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിടുകയാണെന്നും അൽപ കാലം രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്നുമാണ് താരം അറിയിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നാണ് അമ്പാട്ടിയുടെ വാക്കുകൾ. ജഗൻ മോഹൻ റെഡ്ഡിയും ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും പാർലമെന്റംഗം പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും പങ്കെടുത്ത ചടങ്ങിലാണ് ഡിസംബർ 28ന് അമ്പാട്ടി റായ്ഡു പാർട്ടിൽ ചേർന്നത്.
This is to inform everyone that I have decided to quit the YSRCP Party and stay out of politics for a little while. Further action will be conveyed in due course of time.
Thank You.
— ATR (@RayuduAmbati) January 6, 2024
2023 ജൂൺ മുതൽ അമ്പാട്ടി റായ്ഡു തന്റെ രാഷ്ട്രീയത്തിലിറങ്ങാനുള്ള താൽപര്യം വെളിപ്പെടുത്തിയിരുന്നു. ‘ആന്ധ്ര പ്രദേശിലെ ജനങ്ങളെ സേവിക്കാനായി ഞാൻ വൈകാതെ രാഷ്ട്രീയത്തിലിറങ്ങും. അതിനുമുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ താൽപര്യവും പ്രശ്നങ്ങളുമറിയണം. രാഷ്ട്രീയത്തിൽ എങ്ങനെ മുന്നോട്ടുപോകണമെന്നും ആർക്കൊപ്പം ചേരണമെന്നൊക്കെയുള്ള വ്യക്തമായ ആക്ഷൻ പ്ലാനുമായി ഞാൻ രംഗത്തെത്തും’-എന്നാണ് താരം ഗുണ്ടൂരിലെ ഗ്രാമങ്ങൾ സന്ദർശിച്ചുകൊണ്ട് അന്ന് വ്യക്തമാക്കിയത്.
Discussion about this post