പൻജിം: പുതുവർഷം ആഘോഷിക്കാനായി കോട്ടയത്ത് നിന്നും പോയ 19കാരനെ കാണാതായ പരാതിയിൽ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തി. ഗോവയിലെ ബീച്ചിലാണ് സഞ്ജയ് എന്ന കുലശേഖരമംഗലം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
സഞ്ജയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഗോവയിലെ ഡി ജെ പാർട്ടിയ്ക്കിടെ സഞ്ജയ്ക്ക് മർദമേറ്റുവെന്ന് പിതാവ് സന്തോഷ് ആരോപിച്ചു. സഞ്ജയ്യെ സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളിയതാണെന്നാണ് പിതാവ് ആരോപിക്കുന്നത്.
യുവാവിനെ മർദ്ദിച്ച് അവസനാക്കിയ ശേഷം പണവും ഫോണും കവർന്നെന്നും പിതാവ് സന്തോഷ് പരാതിപ്പെട്ടു. സഞ്ജയ്യുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടു പിടിച്ച് നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.
അതേസമയം, സഞ്ജയ്യുടെ മൃതദേഹത്തിൽ നെഞ്ചിലും പുറത്തും മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. യുവാവ് വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദനമേറ്റിരുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് ഈ റിപ്പോർട്ട്.
പുതുവത്സര ആഘോഷത്തിനിടെ സഞ്ജയ് സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഡിസംബർ 29ന് ഗോവയ്ക്ക് പോയ യുവാവിനെ പുതുവത്സരാഘോഷത്തിന് ഇടയിൽ വെച്ച് കാണാതാവുകയായിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു സഞ്ജയ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഗോവയിലേക്ക് പോയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post