വടകര: പരീക്ഷയ്ക്കായി തയ്യാറെടുത്ത് കോളേജിലേക്ക് തിരിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ ട്രെയിനിൽ നിന്നും തെറിച്ച് ഇരുട്ടിലേക്ക് വീണപ്പോൾ സ്നഹത്തിന്റെ വെളിച്ചം കൊണ്ട് തപ്പിയെടുത്ത് ഒരു കൂട്ടം സുമനസുകൾ. കണ്ണൂരിലെ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിനിയായ കൊല്ലം സ്വദേശിനിയായ അനന്യ ശങ്കറിന് കോളേജിക്കുള്ള യാത്രയ്ക്കിയൊണ് മൊബൈൽ നഷ്ടമായത്. വടകരയ്ക്ക് മുൻപായാണ് വിദ്യാർത്ഥിനിയുടെ ഫോണ് തെറിച്ചു വീണത്.
കണ്ണൂരിൽ ട്രെയിൻ ഇറങ്ങിയ അനന്യ ആർപിഎഫിനെ സമീപിച്ച് പരാതി അറിയിക്കുകയായിരുന്നു. നാളെ തുടങ്ങുന്ന പരീക്ഷയ്ക്കുള്ള എല്ലാ വിവരങ്ങളും രേഖകളും എല്ലാം ആ ഫോണിലായിരുന്നു. 16000 രൂപയുടെ ഫോൺ എന്നതിനേക്കാൾ അതിലെ രേഖകൾക്കായിരുന്നു മൂല്യം. ഇത് തിരിച്ചറിഞ്ഞ വടകര ആർപിഎഫ് എസ്ഐ പിപി ബിനീഷ് ഉടനെ തന്നെ തിരച്ചിലിനായി ഏർപ്പാട് ചെയ്തു.
കരിമ്പനപ്പാലത്താണ് ഫോൺ നഷ്ടമായതെന്ന് തിരിച്ചറിഞ്ഞു. ഇവിടുത്തെ നാട്ടുകാരെ വിവരം അറിയിച്ചതോടെ എല്ലാവരും ഒത്തു ചേർന്ന് തിരച്ചിൽ തുടങ്ങി. സൈബർ സെല്ലും സഹായം നൽകിയതോടെ രണ്ടുമണിക്കൂർ നീണ്ട മാരത്തൺ തിരച്ചിലിനൊടുവിൽ ഫോൺ തിരികെ കിട്ടുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ 5.30-ഓടെയാണ് അനന്യയുടെ ഫോൺ മലബാർ എക്സ്പ്രസിലെ വിൻഡോയിൽ നിന്നും തെറിച്ച് വീണത്. സുമനസുകളായ ഒരുപറ്റം ആളുകൾ ാെത്തുചേർന്ന് തിരച്ചിൽ നടത്തിയതോടെ ഫോൺ തിരികെ കിട്ടിയ സന്തോത്തിലാണ് അനന്യ.
ട്രാക്ക്സ്മെനും ബിനീഷിന്റെ നേതൃത്വത്തിൽ മുപ്പതോളം നാട്ടുകാരും ആദ്യം കോട്ടക്കടവ് മുതൽ വടകര സ്റ്റേഷൻ പരിസരംവരെ തിരഞ്ഞെങ്കിലും ഫോൺ കിട്ടിയിരുന്നില്ല. പിന്നീട് സൈബർസെൽ പറഞ്ഞപ്രകാരം കരിമ്പനപ്പാലത്ത് തന്നെ വീണ്ടും തരിഞ്ഞതോടെ രാവിലെ ഒമ്പതരയോടെ കള്ളുഷാപ്പിന് സമീപത്തായി കുറ്റിക്കാട്ടിനുള്ളിൽനിന്ന് ഫോൺ കിട്ടുകയായിരുന്നു. വലിയ കേടുപാടില്ലാതെ ഫോൺ തിരികെ കിട്ടിയ സന്തോഷത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി എഴുതിനൽകിയാണ് അനന്യ കോളേജിലേക്ക് തിരിച്ചത്.
Discussion about this post