ഇടുക്കി: ഒരു കുടുംബത്തിന്റെ തന്നെ ഉപജീവന മാർഗമായിരുന്ന കുട്ടിക്കർഷകരുടെ പശുക്കൾ വിഷബാധയേറ്റ് ചത്ത സംഭവത്തിൽ ധനസഹായവുമായി എത്തി നടൻ ജയറാം. തന്റെ പുതിയ ചിത്രമായ ഓസ്ലറിന്റെ ട്രെയ്ലർ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികൾക്ക് വേണ്ടി നൽകിയത്.
കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തി ജയറാം പണം കൈമാറി. കിഴക്കേപ്പറമ്പിൽ മാത്യു, ജോർജ് എന്നിവർ വളർത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. കറവയുണ്ടായിരുന്ന അഞ്ച് പശുക്കളുൾപ്പടെ ചത്തതോടെ ഈ കർഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
അതേസമയം, താനും ഒരു കർഷകനാണെന്നും കാലി തൊഴുത്ത് തനിക്കും ഉണ്ടായിരുന്നെന്നും കുട്ടിക്കർഷകരുടെ വേദന തനിക്കു മനസിലാകുമെന്ന് പറയുകയാണ് ജയറാം. 2005 ലും 2012 ലും കേരള സർക്കാറിന്റെ ക്ഷീരകർഷകനുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.
ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഫാമിലാണ് ഭൂരിഭാഗ സമയവും ചെലവഴിക്കാറുള്ളത്. ആറേഴ് വർഷം മുൻപ് ഈ കുഞ്ഞുങ്ങൾക്കുണ്ടായ സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. 24 പശുക്കളാണ് ഒരു ദിവസം ഏതാനും സമയത്തിനുള്ളിൽ ചത്തു പോയത്. നിലത്തിരുന്ന് കരയാനേ സാധിച്ചുള്ളൂ. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും അതെങ്ങനെയെന്ന് മനസിലായില്ലെന്നും ജയറാം പറയുന്നു.
ALSO READ-ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയില്ല, വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
കുട്ടികളെ നേരിൽ കണ്ട് ആശ്വസിപ്പിക്കണം എന്നത് മാത്രമാണ് ലക്ഷ്യം. കേരള ഫീഡ്സിന്റെ ബ്രാൻഡ് അമ്പാസിഡർ കൂടിയാണ്. കേരള സർക്കാറിനെ പ്രതിനിധീകരിച്ച് കാലിവളർത്തുമായി ബന്ധപ്പെട്ട ധാരാളം ക്ലാസുകളൊക്കെ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണിയെല്ലാം നല്ല പിന്തുണയാണ് നൽകുന്നതെന്നും ജയറാം പറഞ്ഞു
അതേസമയം, കുട്ടികൾ ഞായറാഴ്ച വൈകീട്ട് തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്ന് പശുക്കൾക്ക് വിഷബാധയേറ്റതാണ് ജീവൻ പൊലിയാൻ കാരണമായതെന്നാണ് മൃഗസംരക്ഷണ വകുപ്പ് കരുതുന്നത്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ക്ഷീരവികസന വകുപ്പും മിൽമയും ഇവർക്ക് സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മാത്യുവിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു.
Discussion about this post