ചെന്നൈ: തമിഴ്നാട്ടിലുണ്ടായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നിരവധി മരണങ്ങളടക്കം വൻ ദുരിതം വിതച്ച പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ദേശീയ ദുരന്തം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് അങ്ങനെയൊരു സംവിധാനമില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ മഴക്കെടുതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ നിർമല സീതാരാമൻ രൂക്ഷമായി വിമർശിച്ചു. വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും പ്രളയം തടയുന്നതിന് സർക്കാർ മുൻകരുതലെടുത്തില്ലെന്നാണ് കേന്ദ്രധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
2015ലെ പ്രളയത്തിൽ നിന്നു സർക്കാർ പാഠം പഠിച്ചില്ല. മുൻകരുതൽ എടുത്തിരുന്നെങ്കിൽ പ്രളയം ഒഴിവാക്കാമായിരുന്നെന്നും അവർ പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്നതിൽ പിഴവുണ്ടായെന്ന സ്റ്റാലിന്റെ വിമർശനത്തേയും അവർ തള്ളിക്കളഞ്ഞു.
ALSO READ-വന്യമൃഗ ശല്യം രൂക്ഷം; പാതിരാ കുര്ബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത
തമിഴ്നാട് പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവശ്യപ്പെട്ട അധിക ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം ആലോചിച്ച് കൈക്കൊള്ളുമെന്ന് പറഞ്ഞ നിർമല മുൻപ് അനുവദിച്ച ഫണ്ട് സംസ്ഥാനം ശരിയായ രീതിയിൽ വിനിയോഗിച്ചോയെന്ന് ചോദ്യം ചെയ്തു.
അതേസമയം, മുഖ്യമന്ത്രി ആവശ്യപ്പെട്ട ധനസഹായം അനുവദിക്കാത്ത മന്ത്രി നിർമല സീതാരാമൻ തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിച്ചതായി തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ് പറഞ്ഞു. രാജ്യം മുഴുവൻ അറിഞ്ഞ ദുരിതത്തെക്കുറിച്ച് അറിയാത്തൊരാൾ നിർമല സീതാരാമൻ മാത്രമാണെന്നും ശത്രുതാ മനോഭാവത്തോടു കൂടിയാണ് അവരുടെ പ്രതികരണമെന്നും തങ്കം തെന്നരസ് കുറ്റപ്പെടുത്തി.
Discussion about this post