കൊച്ചി: അമ്മയും കാമുകനും ചേര്‍ന്ന് ജീവനെടുത്ത പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുന്നു. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്താത്തതിനെ തുടര്‍ന്നാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. അമ്മ അശ്വതിയും കാമുകന് ഷാനിഫും ചേര്‍ന്നാണ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ അശ്വതിയും ഷാനിഫും റിമാന്റില്‍ തുടരുകയാണ്.
അതേസമയം, ഇരുവരുടേയും ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ആരും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നാണ് പോലീസ് പറയുന്നത്. ഉറ്റവരാരും ഏറ്റെടുക്കാനില്ലാത്തതിനാല്‍ പോലീസുകാര്‍ തന്നെ ഏറ്റെടുത്ത് അന്ത്യകര്‍മ്മങ്ങള്‍ നടത്തി സംസ്കരിച്ചേക്കും. നാളേയോ മറ്റന്നാളോ സംസ്കാരം നടത്തുമെന്നാണ് പോലീസ് പറയുന്നത്.
പ്രതികളായ കൊച്ചി എളമക്കര കറുകപ്പിള്ളിയില്‍ അമ്മ അശ്വതി, ആണ്‍സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഷാനിഫ് എന്നിവരെ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. അശ്വതിയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ഷാനിഫും അശ്വതിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഒരുമിച്ചുള്ള ജീവിതത്തിന് ഈ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ക്രൂരകൃത്യം നടത്തിയത്.
കുഞ്ഞിന്റെ തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നുവെന്നും അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്നും ഷാനിഫ് മൊഴി നല്‍കിയിട്ടുണ്ട്. അശ്വതി കുഞ്ഞിനെ കൊന്ന വിവരം മറച്ചുവെച്ചുവെന്നും പോലീസ് അറിയിച്ചു.
Discussion about this post