തിരുവനന്തപുരം: വലിയ തോതിൽ തുടർച്ചയായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എപ്ലസ് ലഭിക്കുന്നതിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് വാരിക്കോരി നൽകുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന ഷാനവാസിന്റെ ശബ്ദരേഖ പുറത്തെത്തി.
എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും, ഇല്ലാത്ത കഴിവ് ഉണ്ടെന്ന് പറഞ്ഞ് കുട്ടികളെ ചതിക്കുന്നതിന് തുല്യമാണ് ഇതെന്നും ഷാനവാസ് പറയുന്നുണ്ട്.
മുൻപ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം യൂറോപ്പിനോടാണ് താരതമ്യം ചെയ്തിരുന്നതെങ്കിൽ ഇന്ന് ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം വിമർശിക്കുന്നു. വാരിക്കോരി മാർക്ക് വിതരണം വേണ്ടെന്ന നിർദേശമാണ് അദ്ദേഹം ശിൽപശാലയിൽ നൽകിയിരിക്കുന്നത്.
എസ് ഷാനവാസിന്റെ വാക്കുകൾ: ‘ആർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. വാങ്ങുന്ന പൈസയ്ക്ക് എന്തെങ്കിലും വിലയുണ്ടോയെന്ന് നിങ്ങൾ തന്നെ ചിന്തിക്കണം. കുട്ടികളെ ജയിപ്പിക്കുന്നതിനൊന്നും ഞാൻ എതിരല്ല. 40-50 ശതമാനം മാർക്ക് നൽകിക്കോട്ടെ. പക്ഷേ അവിടെ വെച്ച് നിർത്തണം. അതിൽകൂടുതൽ നൽകരുത്. അതിൽ കൂടുതൽ മാർക്ക് അവർ നേടിയെടുക്കേണ്ടതാണെന്ന ധാരണ വേണം.’
ALSO READ- പിഞ്ചുകുഞ്ഞിന്റേത് അതിദാരുണ കൊലപാതകം: കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു; കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മയും സുഹൃത്തും
‘അതില്ലാതെ പോയാൽ നമ്മൾ ഒരു വിലയുമില്ലാത്തവരായി മാറും. വെറും കെട്ടുകാഴ്ചയായി മാറും. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. ഞാൻ പഠിച്ച കാലത്ത് വെറും 5000പേർക്ക് മാത്രമായിരുന്നു ഡിസ്റ്റിങ്ഷൻ. എല്ലാവർക്കും എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 69,000 പേർക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാൽ. എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെ അതിൽ ഉണ്ട്.’
‘ ഉത്തരക്കടലാസിൽ രജിസ്റ്റർ നമ്പർ അക്ഷരത്തിലെഴുതാൻ കുട്ടിക്കറിയില്ല. അത് തെറ്റായി എഴുതിയത് കണ്ടുപിടിക്കാത്തതിന് എത്ര അധ്യാപകർക്ക് നമ്മൾ നോട്ടീസ് കൊടുത്തു? എ പ്ലസും, എ ഗ്രേഡും കുട്ടികളോടുള്ള ചതിയാണ്. നിനക്കില്ലാത്ത കഴിവ് ഉണ്ട് എന്ന് പറയുകയാണത്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു.’-
Discussion about this post