തിരുവനന്തപുരം: അ ന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമന് മരിച്ചനിലയില്‍. സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനകത്ത് നിന്നും ആത്മഹത്യാകുറിപ്പ് എന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തി.
താന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നാണ് കുറിപ്പിലെ ആദ്യ വരി. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണ്. മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും കുറിപ്പില്‍ പറയുന്നുണ്ട്.
തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയോട് ചേര്‍ന്ന ഊണുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ അദ്ദേഹത്തെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് കണ്ടെത്തിയത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മകള്‍ വിദേശത്താണ്.
ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാല്‍ കുഞ്ഞാമന് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.
കേരള സര്‍വകലാശാലയില്‍ സാമ്പത്തികവിഭാഗത്തില്‍ അധ്യാപകനായിരുന്നു. 27 വര്‍ഷം ഇവിടെ അധ്യാപകനായിരുന്ന കുഞ്ഞാമന് യുജിസി അംഗവുമായും സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്നു 2006ല്‍ രാജിവച്ച് മഹാരാഷ്ട്രയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ അധ്യാപകനായി. പാലക്കാട് പട്ടാമ്പി വാടാനാംകുറിശിയാണു സ്വദേശം. 1974ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് എംഎ പാസായത്.
ദളിത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ ‘എതിര്’ കുഞ്ഞാമന്റെ ആത്മകഥയാണ്. എതിരിന് മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കുഞ്ഞാമന് നിരസിച്ചിരുന്നു. അക്കാഡമിക് ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം നിലപാടെടുത്തു.
Discussion about this post