കായംകുളം: കാനഡയിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന മകന്റെ മരണവാർത്തയറിഞ്ഞ് മനംനൊന്ത് ഡോക്ടറായ അമ്മ വീട്ടിൽ തൂങ്ങിമരിച്ചു. കായംകുളം ചിറക്കടവത്ത് സിത്താരയിൽ ഡോ. മെഹറുന്നീസ(50) ആണ് മരണപ്പെട്ടത്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇഎൻടി സർജനായിരുന്നു. റിട്ട. പ്രോസിക്യൂഷൻ ഡയറക്ടർ ഷഫീക്ക് റഹ്മാനാണ് ഭർത്താവ്.
ടൊറന്റോയിലെ വിക്ടോറിയ സർവകലാശാലാ വിദ്യാർത്ഥിയായിരുന്നു മകൻ ബിന്യാമിൻ(19). വിദ്യാർത്ഥിയെ കഴിഞ്ഞദിവസം താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബിന്യാമിൻ നാലുമാസം മുൻപാണ് കാനഡയിലേക്കു പോയത്.
മെഹ്റുന്നിസയുടെയും ഷഫീഖ് റഹ്മാന്റെയും മൂത്തമകൻ ഫാരിസ് പാലക്കാട് കരുണ മെഡിക്കൽ കോളേജിൽ എംബിബിഎസ്വിദ്യാർഥിയാണ്. ബിന്യാമിന്റെ മരണവാർത്തയിറിഞ്ഞ ഷഫീക്ക് റഹ്മാൻ, ഫാരിസിനെ വിളിക്കാൻ പാലക്കാട്ടേക്കു പോയതായിരുന്നു. മകന്റെ മരണവിവരം മെഹറുന്നീസയെ അറിയിക്കാതെയായിരുന്നു പോയത്. എന്നാൽ, എംബസിയിൽനിന്ന് ഫോൺ വന്നപ്പോൾ മെഹറുന്നീസ വിവരമറിയുകയായിരുന്നു.
വീട്ടിലെ ജോലിക്കാരി വെള്ളിയാഴ്ച രാവിലെ മെഹറുന്നീസയ്ക്കു ചായ കൊടുത്തിരുന്നു. പിന്നീട് ഏറെനേരം കഴിഞ്ഞും മുറിക്ക് പുറത്തേക്കു കാണാതായപ്പോൾ തിരികെചെന്നു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികസമ്മർദ്ദം താങ്ങാനാകാതെ വന്നാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)
Discussion about this post