ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കി തമിഴ് നടൻ വിജയ് കൂടുതൽ സാമൂഹിക പ്രവർത്തനങ്ങളിലേക്ക്. ജനകീയമായ പുതിയൊരു സംരംഭത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണ് നടൻ. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിൽ വായനശാല തുടങ്ങാനാണ് നടൻ പദ്ധതിയിട്ടിരിക്കുന്നത്.
ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ നിർമ്മിക്കുന്നതിനായി നേതൃത്വം നൽകുക. വായനശാലകൾക്ക് ആവശ്യമായ പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു. ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നുമാണ് വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
വിജയ് ആരാധകരുടെ നേതൃത്വത്തിൽ നേരത്തെതന്നെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും സൗജന്യ ട്യൂഷൻ കേന്ദ്രങ്ങൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളിൽ മികച്ച മാർക്കു വാങ്ങി വിജയിച്ച വിദ്യാർഥികളെ കാഷ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരുന്നു.
ALSO READ- കട ഉദ്ഘാടനത്തിന് ‘തൊപ്പി’; വഴിയിൽ തടയുമെന്ന് നാട്ടുകാർ; ഒടുവിൽ പോലീസ് ഇടപെട്ട് പാതിവഴിയിൽ ഉദ്ഘാടകന്‍ മടക്കം; കടയുടമകൾക്ക് എതിരെ കേസും
അന്ന് വിജയ് നടത്തിയ പ്രസംഗവും വലിയ ചർച്ചയായിരുന്നു. പുതിയ ചിത്രം ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിലും 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് നടൻ വ്യക്തമാക്കി സൂചന നൽകിയിട്ടുണ്ട്.
Discussion about this post