കൊല്ലം: തമിഴ്നാട്ടിലെ എടിഎം മെഷീന് പൊളിക്കാന്‍ ശ്രമം നടത്തിയ മലയാളി മോഷ്ടാവിനെ കൊല്ലത്തെത്തി പിടികൂടി തെങ്കാശി പോലീസ്. തെങ്കാശിയിലെ എടിഎം മെഷീന് തകര്‍ത്ത കൊല്ലത്തുകാരനായ പ്രതി കോട്ടുക്കല്‍ സ്വദേശി രാജേഷിനെ കടയ്ക്കല്‍ പോലീസ് പിടികൂടി തെങ്കാശി പോലീസിന് കൈമാറി. പ്രതിയുടെ ആധാര്‍കാര്‍ഡ് താഴെവീണത് പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.
കഴിഞ്ഞദിവസം തെങ്കാശിയിലെത്തിയ രാജേഷ് ലോഡ്ജില്‍ മുറിയെടുത്തശേഷം രാത്രിയോടെയാണ് പണം മോഷ്ടിക്കാന്‍ ഇറങ്ങിയത്. ഉള്‍വസ്ത്രം മാത്രം ധരിച്ച് എടിഎം മെഷീന് ഇരിക്കുന്ന മുറിയില്‍ കയറിയ രാജേഷ് എടിഎം മെഷീന് തകര്‍ക്കാന്‍ നോക്കി. പിന്നീട് ബലം പ്രയോഗിച്ച് മെഷീന് മറിച്ചിട്ടു നോക്കിയെങ്കിലും പണപ്പെട്ടി പൊളിഞ്ഞില്ല. ഏകദേശം നാലു മിനുട്ട് നേരം ആവുന്ന പണിയൊക്കെ നോക്കിയിട്ടും ഫലമില്ലാതായതോടെ നിരാശനായി. കവര്‍ച്ച നടത്താന്‍ കഴിയാതെ പ്രതി സ്വദേശമായ കടയ്ക്കല്‍ കോട്ടുക്കലിലേക്ക് മടങ്ങിയെത്തി.
പോലീസ് പിന്നാലെ വരുമെന്ന് പ്രതീക്ഷിച്ചില്ല. രാജേഷിന്റെ കൈവശം ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡ് എടിഎം മെഷീന് സമീപം താഴെ വീണത് രാജേഷ് അറിഞ്ഞിരുന്നില്ല. ബാങ്കില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം പോലീസ് പരിശോധന നടത്തിയപ്പോള്‍ രാജേഷിന്റെ ആധാര്‍കാര്‍ഡ് പൊലീസ് ലഭിച്ചു. തെങ്കാശി കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയെങ്കിലും രാജേഷിനെ കിട്ടാതായപ്പോള്‍ വിവരം കടയ്ക്കല്‍ പോലീസിന് കൈമാറി. തുടര്‍ന്ന് കടയ്ക്കല്‍ പോലീസ് രാജേഷിനെ കോട്ടുക്കലില്‍ നിന്ന് പിടികൂടുകയായിരുന്നു. തെങ്കാശി പോലീസ് കടയ്ക്കലിലെത്തി രാജേഷിനെ കസ്റ്റഡിയില്‍ വാങ്ങി. അറസ്റ്റിലായ രാജേഷ് അബ്കാരി കേസ് ഉള്‍പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു
Discussion about this post