ഇന്ത്യയിലെ ഏറ്റവും വലിയ എസ്യുവി നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. ഥാര്‍, XUV700,സ്കോര്‍പിയോ N, ബൊലേറോ എന്നിവ മികച്ച വില്‍പ്പനയാണ് നേടുന്നത്. വിപണിയിലുള്ള കനത്ത ഡിമാന്‍ഡ് കാരണം ഇവയില്‍ പലതിനും 12 മാസത്തിലേറെ കാത്തിരിപ്പ് കാലയളവുണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളായ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും മഹീന്ദ്ര എസ്യുവികള്‍ക്ക് ആരാധകരുണ്ട്. 2015-മുതല്‍ മഹീന്ദ്ര ഓസ്ട്രേലിയയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഓസീസിന്റെ ഇടംകൈയ്യന്‍ ഓപണിംഗ് ബാറ്റര്‍ മാത്യു ഹെയ്ഡന്.
ഏകദിന ലോകകപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹെയ്ഡന് ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനായി കിടിലനൊരു ഓഫര്‍ കൊണ്ടുവന്നിരിക്കുകയാണ് മഹീന്ദ്ര. ഒരു മഹീന്ദ്ര എസ്യുവി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഹെയ്ഡനെ കാണാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി. ഇതുസംബന്ധിച്ച് ഒരു വീഡിയോ മഹീന്ദ്ര അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ചെന്നൈയിലെ ഒരു മഹീന്ദ്ര ഡീലര്‍ഷിപ്പിലേക്ക് വെള്ള നിറത്തിലുള്ള മഹീന്ദ്ര XUV700-യില്‍ എത്തുന്നത് കാണാം.
ഹെയ്ഡന് കൂപ്പുകൈകളോടെ ചെന്നൈയിലെ ഡീലര്‍ഷിപ്പിലെ ജീവനക്കാരെയും കസ്റ്റമേഴ്സിനെയും അഭിവാദ്യം ചെയ്തു. ഡീലര്‍ഷിപ്പില്‍ എത്തിയ ഉപഭോക്താക്കളുമായി സംവദിച്ച ഹെയ്ഡന് ഒരു ഉപഭോക്താവിന് പുതിയ XUV700 എസ്യുവിയുടെ താക്കോല്‍ കൈമാറുകയും ചെയ്യുന്നുണ്ട്. ഡെലിവറിക്ക് ശേഷം ഒരു ഉപഭോക്താവിനും കുടുംബത്തിനുമൊപ്പം ഒരു ചെറിയ ഡ്രൈവിനും മാത്യു ഹെയ്ഡന് ഒപ്പം പോയി. കാറിലുണ്ടായിരുന്നവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട് ഹെയ്ഡന്.
‘പരമ്പരാഗത വസ്ത്രധാരണം, അവിസ്മരണീയമായ അനുഭവം, ഇതിഹാസത്തോടൊപ്പം ഡ്രൈവ്, നിങ്ങളുടെ പ്രിയപ്പെട്ട മഹീന്ദ്ര എസ്യുവി ബുക്ക് ചെയ്യുക, മാത്യു ഹെയ്ഡനെ കാണാനുള്ള അവസരം നേടുക’ എന്ന അടിക്കുറിപ്പോടെയാണ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്.
Discussion about this post