പാലക്കാട്: ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകരായ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ റിമാന്റ് ചെയ്തു. എരുമേലി വാവരു പളളിയില്‍ പ്രവേശിക്കാനായി എത്തിയവരെയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. മതസ്്പര്ദ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ലഹളയ്ക്ക് ആഹ്വാനം ചെയ്തതുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
തിരുപ്പൂര്‍ സ്വദേശികളായ സുശീലാദേവി, രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി, എന്നീ സ്ത്രീകളും ഇവരോടൊപ്പമുണ്ടായിരുന്ന തിരുപ്പതി, മരുഗസ്വാമി, സെന്തില്‍കുമാര്‍ എന്നിവരെയുമാണ് പാലക്കാട് ചിറ്റൂര്‍ മജിസ്ട്രേറ്റ് റിമാന്‍ഡു ചെയ്തത്. സര്‍ക്കാര്‍ സഹായത്തോടെ ശബരിമലയില്‍ യുവതികളെ കയറ്റിയെങ്കില്‍ എരുമേലി വാവരുപളളിയിലും സ്ത്രീകള്‍ കയറുമെന്ന തീവ്രഹിന്ദുത്വ നിലപാടുളള സംഘനയാണ് തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി. ഇതിന്റെ കോയമ്പത്തൂര്‍, തിരുപ്പൂര്‍ മേഖലകളിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.
എന്നാല്‍ ഇവരുടെ വരവറിഞ്ഞ് ദേശീയപാതയിലും വാളയാറിലും ഉള്‍പ്പെടെ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഈ വിവരം ലഭിച്ച സംഘം ഊടുവഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. കേരളത്തിലെ മതസൗഹാര്‍ദം ഇല്ലാതാക്കുക, ലഹളയ്ക്ക് ആഹ്വാനം ചെയ്യുക, അതിക്രമിച്ച് കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന പത്തുപേരെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ നിന്നായി തമിഴ്നാട് പോലീസും കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
Discussion about this post