തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ അതിഥിയായി അഞ്ചു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ്. ബുധനാഴ്ച രാത്രി 8:55നാണ് 2.7 കിലോഗ്രാം ഭാരമുള്ള കുരുന്ന് അമ്മത്തൊട്ടിലില്‍ എത്തിയത്. കേരളീയം തിരിതെളിഞ്ഞ അതേ നാളിലെ രാവില്‍ അതിഥിയായി എത്തിയ പെണ്‍കരുത്തിന് ‘കേരളീയ’ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജിഎല്‍ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്‌കാരിക പൈതൃകവും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു തുടങ്ങിയ ആഘോഷ രാത്രിയില്‍ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിരിക്കുന്ന അമ്മത്തൊട്ടിലില്‍ പൊക്കിള്‍ക്കൊടി മാറാത്ത അഞ്ചു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് അതിഥിയായി എത്തി. ബുധനാഴ്ച രാത്രി 8:55നാണ് 2.7 കിലോഗ്രാം ഭാരമുള്ള കുരുന്ന് അമ്മത്തൊട്ടിലില്‍ പരിരക്ഷയ്ക്കായി എത്തിയത്.
പ്രധാന സംഭവ വികാസങ്ങളുടെ നാളുകളിലെല്ലാം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ പുതിയ കുരുന്നുകള്‍ അതിഥിയായി എത്തുന്നത് യാദൃശ്ചികമാകുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ രാജ്യത്തിന്റെ മായാമുദ്ര പതിപ്പിച്ച അതേ ദിവസം എത്തിയ കുഞ്ഞ് ‘പ്രഗ്യാന്‍ ചന്ദ്ര’. മതേതരത്തിന്റെയും ഐക്യത്തിന്റെയും ഏകീകരണ രൂപമായി ‘ഇന്ത്യ,’ സമാധാനം പറന്നുയരാന്‍ ‘നര്‍ഗീസ്’, വ്യോമസേനാ ദിനത്തില്‍ ‘ഗഗന്‍’, ഇങ്ങനെ രാജ്യത്തിന്റെ ബഹുസ്വരത എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് അമ്മത്തൊട്ടിലില്‍ എത്തുന്ന കുരുന്നുകളുടെ പേരുകള്‍.
കുരുന്നുകള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ ഏറ്റുവാങ്ങാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയില്‍ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന ഏഴാമത്തെ കുട്ടിയാണ് കേരളീയ.
Discussion about this post