കൊച്ചി: കളമശേരിയില്‍ പ്രാര്‍ത്ഥനായ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. കുടുംബത്തോടൊപ്പം എത്തിയ ലിബ്ന എന്ന കുഞ്ഞുപെണ്‍കുട്ടിയും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ലിബ്നയുടെ അമ്മയും സഹോദരന്മാര്ക്കും പൊള്ളലും പരിക്കും ഏറ്റിട്ടുണ്ട്. മൂത്ത സഹോദരന്റെ നില ഗുരുതരമായി തുടരുകയാണ്.
മലയാറ്റൂര്‍ നീലീശ്വരം എസ്എന്‍ഡിപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ലിബ്ന (12). സ്ഫോടനത്തില്‍ ഗുരുതര പൊള്ളലേറ്റ ലിബ്ന കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് അര്‍ധരാത്രിയോടെ മരിച്ചത്.
ലിബ്നയുടെ ഓര്‍മ്മകളില്‍ വിങ്ങുകയാണ് അധ്യാപകരും സഹപാഠികളും. ‘അവളെഴുതിയ ആ കത്ത് ഒരു അമൂല്യസ്വത്തായി എന്നും ഞാന്‍ സൂക്ഷിക്കും. അവളിനി തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല.’-എന്നാണ് ലിബ്ന എഴുതിയ കുറിപ്പ് കൈയ്യില്‍ ചേര്‍ത്ത്പിടിച്ച് ക്ലാസ് ടീച്ചറായിരുന്ന ബിന്ദു ടീച്ചര്‍ പ്രിയ വിദ്യാര്‍ഥിനിയെ കുറിച്ച് പറഞ്ഞത്.
‘പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നു ലിബ്ന. എല്ലാ അധ്യാപകരുടേയും പ്രിയങ്കരി. ക്ലാസ്സ് ലീഡറും അവളായിരുന്നു. കഴിഞ്ഞ മാസം രണ്ടാഴ്ച ഞാന്‍ ലീവ് ആയിരുന്നു. ആ സമയത്ത് ലിബ്നയും കൂട്ടുകാരികളും ചേര്‍ന്ന് എനിക്കൊരു കത്തയച്ചു. ലിബ്നയായിരുന്നു അതെഴുതിയത്. അവളുടെ സ്നേഹവും നിഷ്കളങ്കതയുമെല്ലാം ആ കത്തില്‍ ഉണ്ടായിരുന്നു. അതിനി ഒരു അമൂല്യ നിധിയായി, അവളുടെ ഓര്‍മയായി സൂക്ഷിക്കാം.’-ബിന്ദു ടീച്ചര്‍ തൊണ്ടയിടറി കൊണ്ട് പറഞ്ഞതിങ്ങനെ.
‘വ്യാഴാഴ്ചയാണ് ലിബ്ന അവസാനം ക്ലാസ്സില്‍ വന്നത്. അന്ന് അസംബ്ലിയില്‍ പത്രം വായിച്ചത് അവളായിരുന്നു. അവസാനത്തെ പിരിയഡ് എന്റെ മാത്സ് ക്ലാസ് ആയിരുന്നു. അത് അവസാനത്തെ കാഴ്ചയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’-ടീച്ചര്‍ പറഞ്ഞുനിര്‍ത്തി.
യഹോവ സാക്ഷികളുടെ കളമശ്ശേരിയിലെ സമ്മേളനം ഞായറാഴ്ച സമ്മേളനം സമാപിക്കാനിരിക്കെയായിരുന്നു സ്ഫോടനമുണ്ടായത്. ഓഡിറ്റോറിയത്തില്‍ സ്ഫോടനം നടന്ന മധ്യഭാഗത്തായിരുന്നു ലിബ്നയും കുടുംബവും ഇരുന്നിരുന്നത്.
സ്ഫോടനത്തില്‍ ലിബ്നയുടെ അമ്മ റീനയുടെയും മൂത്ത മകന് പ്രവീണിന്റെയും നില ഗുരുതരമാണ്. രണ്ടാമത്തെ മകന് രാഹുല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ലിബ്നയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാചകത്തൊഴിലാളിയായ പ്രദീപനാണ് ലിബ്നയുടെ പിതാവ്.
Discussion about this post