തൃശ്ശൂര്‍: മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിച്ച കുതിരാനിലെ 75-കാരി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള വീട് സമ്മാനിച്ച് നടന് ഉണ്ണി മുകുന്ദന്. അഞ്ചുവര്‍ഷമായി അന്നക്കുട്ടി ദുരിതജീവിതം തുടരുകയാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ വഴി അറിഞ്ഞതോടെയാണ് ഉണ്ണി മുകുന്ദന് മുന്നോട്ട് വന്നത്. പുതിയ വീടിന്റെ താക്കോല്‍ തൃശ്ശൂര്‍ കുതിരാനിലെ വീട്ടില്‍ വെച്ച് ഞായറാഴ്ച വൈകിട്ട് 4.30 ന് ഉണ്ണി മുകുന്ദന് അന്നക്കുട്ടിക്ക് കൈമാറി.
2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകര്‍ന്നത്. പുതിയ വീടിനായി സര്‍ക്കാരില്‍ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കിയ കരാറുകാരന് പണി പാതിവഴിയില്‍ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂര്‍ണ്ണമായും ദുരിതത്തില്‍ ആയി.
ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദന്, കമ്പനി സി ഒ ജയന് മഠത്തില്‍ എന്നിവര്‍ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് ഉറപ്പ് നല്കി. ഇതിന് പിന്നാലെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മേല്‍ക്കൂര നിര്‍മിക്കുന്നതിന് പുറമെ നിലവിലെ വീട് പൂര്‍ണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂര്‍ണ്ണമായും ടൈല്‍ വിരിച്ചതാക്കി. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനര്‍നിര്‍മ്മിച്ചത്.
Discussion about this post