തിരുവനന്തപുരം: ഇസ്രയേലിന് അനുകൂലമായി പരാമര്‍ശം നടത്തിയെന്ന വിവാദങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന് ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
തന്റെ പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ല.ഹമാസ് ഭീകര സംഘടനയാണെന്നും ഗാസയില്‍ നടക്കുന്നത് യുദ്ധവുമാണ് എന്ന പരാമര്‍ശം നടത്തിയത് സംബന്ധിച്ച് വിശദീകരണം നല്‍കുകയായിരുന്നു തരൂര്‍. പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു തരൂരിന്റെ വാക്കുകള്‍.
ശശി തരൂര്‍ ഇസ്രയേലിന് അനുകൂലമായി സംസാരിച്ചെന്നാണ് വിമര്‍ശനം. ഹമാസിന് എതിരെ നടത്തിയ പരാമര്‍ശം വിവാദമാക്കിയിരിക്കുകയാണ് രാഷ്ട്രീയ എതിരാളികള്‍. പാലസ്തീന്‍കാര്‍ക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണില്‍ വേണമെന്നു തരൂര്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ALSO READ- ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറത്ത് പിടിയില്‍
വെള്ളം, വൈദ്യുതി, ഇന്ധനം ഒന്നും ഗാസയില്‍ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ലോക രാജ്യങ്ങളുടെ സമാധാന ഉടമ്പടികളെയെല്ലാം റദ്ദാക്കിയിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മരണത്തേക്കാള്‍ കൂടുതലാണ് ഈ 19 ദിവസത്തെ മരണം. ‘ഇരുമ്പ് വാള്’ എന്നു പേരിട്ട ഓപ്പറേഷന് നിര്‍ത്താന്‍ ഇനി എത്ര കുഞ്ഞുങ്ങളുടെ ചോരയില്‍ വാള് മുക്കണം എന്നും തരൂര്‍ ചോദിച്ചു.
അതേസമയം, ശശി തരൂരിന്റെ പരാമര്‍ശത്തിന് എതിരെ സിപിഎമ്മും സുന്നി അനുകൂല സംഘടനകളും, സമസ്ത പോഷക സംഘടനാ ഭാരവാഹികളും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Discussion about this post