കോട്ടയം: വിനോദസഞ്ചാരത്തിനായി ഇറങ്ങി വഴിതെറ്റിപ്പോയി കാട്ടില്കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. കോട്ടയം മുതുകോരമലയിലേക്ക് അവധി ദിനത്തില്‍ ട്രെക്കിംഗിന് പോയ യുവാക്കളാണ് വഴി തെറ്റി അവശരായത്. പൂഞ്ഞാര്‍ തെക്കേക്കര മുതുകോരമലയിലാണ് ഇവര്‍ കുടുങ്ങിപ്പോയത്.
ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍, നിര്‍മ്മല്‍ എന്നിവരെയാണ് ഫയര്‍ഫോഴ്സ് ഏറെ നേരത്തെ കഷ്ടപ്പാടിന് ഒടുവില്‍ കണ്ടെത്തി രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ മുതുകോരമലയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇരുവരും.
മലമുകള്‍ സന്ദര്‍ശിച്ച് തിരിച്ച് ഇറങ്ങുന്നതിനിടെ യുവാക്കള്‍ക്ക് വഴിതെറ്റുകയായിരുന്നു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ റേഞ്ചില്ലാതിരുന്നതും തിരിച്ചടിയായി. പിന്നീട് മൊബൈല്‍ റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ ഉടന്‍ തന്നെ ഈരാറ്റുപേട്ട ഫയര്‍ഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്സും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും ചേര്‍ന്നാണ് യുവാക്കളെ മലയിലെത്തി രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ പണിപ്പെടലിന് ഒടുവില്‍ വൈകീട്ട് അഞ്ചരയോടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. മഴയും കോടമഞ്ഞും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചതാണ് രക്ഷപ്പെടുത്തല്‍ വൈകിപ്പിച്ചത്.
Discussion about this post