തിരുവനന്തപുരം: കരഞ്ഞും തളര്‍ന്നും സഹിച്ചും തീരേണ്ടിയിരുന്ന ജീവിതത്തെ കര്‍മ്മം കൊണ്ട് ജയിച്ചവന് കാലം നല്കിയ പേരത്രെ വിഎസ്! ജീവിതം നൂറ്റാണ്ട്പൂര്ത്തിയാക്കിയിരിക്കുകയാണ് സഖാവ് വിഎസ്. വിഎസ് അച്യുതാനന്ദന് എന്ന പേര് ഇന്ത്യന്‍ മാര്‍സിസ്റ്റ് ധാരയുടെ പുസ്തകത്തില്‍ മാത്രമൊതുങ്ങുന്ന ഒരു നാമമല്ല. അശരണരായ മുഴുവന്‍ മനുഷ്യരിലേക്കും ആശ്രയവെളിച്ചം വിതറിയ ഒരു മുന്നേറ്റത്തിന്റെ നെടുനായകനാണ്. മണ്ണിലിറങ്ങി നിന്ന് മഴയും വെയിലും കൊണ്ട്, ചേറുപുരണ്ട ജീവിതങ്ങളെ നെഞ്ചിലെടുത്ത് വച്ച മാനവികതയുടെ ചുരക്കപ്പേര് കൂടിയാണ് വിഎസ്.
നാലുവര്‍ഷം മുന്‍പ്, 2019ലെ പിറന്നാള്‍ ദിനത്തിന് തൊട്ടുമുന്‍പാണ്, വര്‍ഷങ്ങളായി ഒപ്പമുണ്ടായിരുന്ന രക്തസമ്മര്‍ദം കൂടി വിഎസ് അച്യുതാനന്ദന്റെ വലതുകൈ, കാലുകള്‍ക്ക് തളര്‍ച്ചയുണ്ടായത്. എന്നാല്‍ ഡോക്ടര്‍മാരെ ഞെട്ടിച്ചുകൊണ്ട് വിഎസ് അതിവേഗം ആശുപത്രി കിടക്ക വിട്ടു. ഇപ്പോള്‍ വലതുകൈയ്ക്ക് സ്വാധീനം തിരിച്ചുകിട്ടിയെങ്കിലും വലതു കാലിന് പഴയ ശക്തിയില്ല.
പ്രായം എണ്‍പതുകളിലെത്തിയപ്പോള്‍ യുവാക്കളെ പോലും വെല്ലുന്ന ചുറുചുറുക്കോടെ ഭൂമി കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മതികെട്ടാന്‍ മല കയറിയ വിഎസ്, ഇപ്പോള്‍ നൂറാം വയസില്‍ വീല്‍ ചെയറിലാണ്. പക്ഷാഘാതം വില്ലനായെത്തിയില്ലായിരുന്നെങ്കില് ഇന്നും നീതിക്കായി പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരളത്തിന്റെ അങ്ങോളമിങ്ങോളം വിഎസ് ഓടിയെത്തുമായിരുന്നു.
മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹപരിചരണം കൂടിയാണ് നൂറാം വയസ്സില്‍ വിഎസിന്റെ കരുത്ത്. രാവിലെയും വൈകുന്നേരവും വീല്‍ചെയറില്‍ പുറത്തു വന്നിരിക്കും. ആരെങ്കിലും പത്രങ്ങള്‍ വായിച്ചുകൊടുക്കും. ടി വി വാര്‍ത്തകളും പരിപാടികളും കുട്ടികളുടെ പാട്ടുകളും ഒക്കെ കാണും. ഓടി നടന്നിരുന്ന വ്യക്തിക്ക് നടക്കാന്‍ പറ്റാതായതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഡയറ്റീഷ്യന് നിര്‍ദേശിക്കുന്ന ഭക്ഷണമാണ് നല്‍കുന്നതെന്നും മകന് അരുണ്‍ കുമാര്‍ പറഞ്ഞു.
Discussion about this post