മംഗളൂരു: അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ ഒരു യുവതി മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇരുപത്തിമൂന്നുകാരിയായ രൂപശ്രീ എന്ന യുവതിയാണ് മരിച്ചത്. രണ്ട് സ്ത്രീകളെയും മൂന്ന് പെണ്‍കുട്ടികളെയുമാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്ഷനു സമീപമാണ് സംഭവം. കമലേഷ് ബല്‍ദേവ് എന്നയാള്‍ ഓടിച്ച ഹ്യുണ്ടായ് ഇയോണ്‍ കാറാണ് അപകടത്തില്‍പെട്ടത്. പിന്നില്‍ നിന്ന് വന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്യുകയായിരുന്നു.
ഫുട്പാത്തിലെ ഒരു തൂണ് തകര്‍ക്കുകയും ഡിവൈഡറില്‍ ഇടിക്കുന്നതിന് മുമ്പ് സ്ത്രീയെ ഏതാനും മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു.
അപകടത്തില്‍പ്പെട്ടവരെ പ്രദേശത്തുള്ളവരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
Discussion about this post