സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ ഉപയോക്താക്കള്‍ എപ്പോഴും നേരിടുന്ന പ്രശ്‌നമാണ് ഡിസ്‌പ്ലേയ്ക്കുണ്ടാകുന്ന പരിക്കുകള്‍. ഒന്ന കൈ തെറ്റി താഴേ വീണാലോ, കുഞ്ഞുങ്ങള്‍ വീഴ്ത്തിയാലോ ദേ കിടക്കണു ഡിസ്‌പ്ലേ പൊട്ടിത്തകര്‍ന്ന്. പിന്നെ സര്‍വീസ് സെന്ററിലേക്ക്. പേഴ്‌സണല്‍ ഫോണിനെ പരിചയമില്ലാത്തവര്‍ക്ക് നല്‍കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
ഇപ്പോഴിതാ ആ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. ഇനി സ്വയം തന്നെ
ഡിസ്‌പ്ലേയില്‍ വരുന്ന സ്‌ക്രാച്ചുകള്‍ പരിഹരിക്കാന്‍ കഴിയും. സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.
സിസിഎസ് ഇന്‍സൈറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, സ്‌ക്രീനില്‍ സ്‌ക്രാച്ച് വീണാല്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു രൂപീകരിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന നാനോ കോട്ടിംഗ് സംവിധാനമുള്ള സ്‌ക്രീനാണ് വികസിപ്പിക്കുക.
സമാനമായ രീതിയില്‍ 2013-ല്‍ എല്‍ജി ഫ്‌ലക്‌സ് എന്ന പേരില്‍ കര്‍വ്ഡ് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നാനോ കോട്ടിംഗ് സംവിധാനം ഉപയോഗിച്ചാണ് ഇവ രൂപകല്‍പ്പന ചെയ്തതെങ്കിലും, ഇതുവരെ അത്തരം ഡിസ്‌പ്ലേയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവന്നിട്ടില്ല.
സെല്‍ഫ് ഹീലിംഗ് ഡിസ്‌പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി മോട്ടോറോള, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വിവിധ പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമര്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ഇതില്‍ ചെറിയ ചൂട് ലഭിക്കുമ്പോള്‍ സ്‌ക്രീനിലെ സ്‌ക്രാച്ചുകള്‍ ഉടനടി പരിഹരിക്കപ്പെടും. 2028 ഓടെയാണ് ഇത്തരം ഡിസ്‌പ്ലേ ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Discussion about this post