കൊല്ലം: ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത യാത്രക്കാരനായ വയോധികനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചു. അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ ഉപാസന ബസ്സിലെ കണ്ടക്ടറായ പതിനേഴുകാരന് അറസ്റ്റില്‍. കൊച്ചുകുരുവിക്കോണം സ്വദേശി 65 വയസുള്ള വാസുദേവനാണ് മര്‍ദ്ദനമേറ്റത്. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
പുനലൂരില്‍ നിന്നും അഞ്ചലിലേക്കുള്ള ബസ് യാത്രക്കാരനായിരുന്നു വാസുദേവന്‍. ഈസ്റ്റ് സ്കൂള്‍ ബസ് സ്റ്റോപ്പിലാണ് വാസുദേവന്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്താന്‍ വാസുദേവന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ഇത് കേട്ടില്ല. അതിനിടയില്‍ ആരോ ബെല്ലും അടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.
പിന്നീട് സ്റ്റോപ്പില്‍ നിന്ന് കുറച്ച് മാറിയാണ് ബസ് നിര്‍ത്തിയത്. ഇത് വാസുദേവന്‍ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടര്‍ ബസ്സില്‍ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
വാസുദേവന്‍ തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റു. ഇതോടെ അദ്ദേഹത്തെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തെ തുടര്‍ന്ന് കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത അഞ്ചല്‍ പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
Discussion about this post