പത്തനംതിട്ട: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തിരുവല്ലയിൽ ഭാര്യയേയും കുഞ്ഞിനേയും കൊണ്ടുപോയെന്ന യുവാവിന്റെ പരാതിയിൽ ട്വിസ്റ്റ്. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന സംഭവം യുവതിയും ആൺസുഹൃത്തും ചേർന്ന് നടത്തിയ നാടകമാണെന്നു പോലീസ് പറഞ്ഞു.
കാണാതായ യുവതിയെയും കുഞ്ഞിനെയും ഇവരെ ‘തട്ടിക്കൊണ്ടുപോയ’ ആൺസുഹൃത്തിനെയും കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം തെളിഞ്ഞത്. തിരുവല്ല തിരുമൂലപുരം സ്വദേശിയായ സന്ദീപ് സന്തോഷാണ് ഭാര്യ ഷീന(23)യെയും മൂന്നുവയസ്സുള്ള മകളെയും തട്ടിക്കൊണ്ടുപോയെന്ന് പോലീസിൽ പരാതി നൽകിയിരുന്നത്.
സംഭവത്തിൽ ഭാര്യയുടെ ആൺസുഹൃത്തായ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദാണെന്നും യുവാവ് പരാതിപ്പെട്ടിരുന്നു. കാറിലെത്തിയ പ്രിന്റുവിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞ് രണ്ടുപേരെയും കടത്തിക്കൊണ്ടുപോയെന്നായിരുന്നു സന്ദീപിന്റെ പരാതി. തുടർന്ന് തിരുവല്ല പോലീസ് പ്രിന്റോ പ്രസാദ് അടക്കമുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ പ്രിന്റോയ്ക്കൊപ്പം യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഇവരെ ചോദ്യംചെയ്തതോടെയാണ് യാഥാർഥ്യം വ്യക്തമായത്. തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പ്രിന്റോയ്ക്കൊപ്പം സ്വമേധയാ പോവുകയായിരുന്നു എന്നുമാണ് ഷീന പോലീസിന് നൽകിയ മൊഴി.
ഷീനയും പ്രിന്റോയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും നേരത്തെ ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രിന്റോയ്ക്കൊപ്പം വീടുവിട്ടിറങ്ങിയ ഷീന മാസങ്ങൾക്ക് ശേഷം തിരികെ എത്തുകയായിരുന്നു. ആഴ്ചകൾക്ക് മുൻപും സമാനരീതിയിൽ ഷീന പ്രിന്റുവിന് ഒപ്പം പോയിരുന്നു. പിന്നീട് ഏതാനുംദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയിരുന്നു.
പിന്നാലെയാണ് തിങ്കളാഴ്ച രാത്രി പ്രിന്റോയും ഷീനയും ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്. രാത്രി തിരുമൂലപുരത്തെ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ഷീനയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു സന്ദീപിന്റെ പരാതി. കാർ റോഡിന് കുറുകെ നിർത്തി ബൈക്ക് തടഞ്ഞുനിർത്തി കത്തികാണിച്ചാണ് കൃത്യം നടത്തിയതെന്ന് സന്ദീപ് പരാതിയിൽ പറഞ്#ിരുന്നു.
തന്റെ കൂടെ വന്നില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയുമെന്ന് മുഖ്യപ്രതിയായ പ്രിന്റോ പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതിയെയും ബലമായി പിടിച്ച് കാറിൽകയറ്റിയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ തിരുവല്ല പോലീസ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പ്രിന്റോ അടക്കമുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
നിലവിൽ കണ്ടെത്തിയ പ്രിന്റോയും യുവതിയും കുഞ്ഞും തിരുവല്ല പോലീസ് സ്റ്റേഷനിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകിട്ടോടെ യുവതിയെയും പ്രിന്റോയെയും കോടതിയിൽ ഹാജരാക്കും.
Discussion about this post