തിരുവനന്തപുരം: കാട്ടാക്കട ചിന്മയാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ആദിശേഖര്‍. സഹപാഠികളുടെ പ്രിയുകാരന്‍ അധ്യാപകുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി. ആദി ശേഖര്‍ സ്‌കൂളിലെ മത്സരങ്ങളിലെല്ലാം ഒന്നാമനായിരുന്നു. അഭിനയം ഇഷ്ടമായിരുന്ന ആദി സ്‌കൂള്‍തലത്തിലുള്ള നാടക മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു.
കഴിഞ്ഞ തവണ നടന്ന സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവെലില്‍ ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരങ്ങളിലും, ഗ്രൂപ്പ് ഡാന്‍സ്, സംസ്‌കൃതം പദ്യപാരായണം തുടങ്ങി നിരവധിയിനങ്ങളില്‍ ഒന്നാമനായിരുന്നു. ജി-20 സമ്മേളനത്തിന്റെ ഭാഗമായി ചിന്മയാ സ്‌കൂള്‍ സംഘടിപ്പിച്ച ഇന്റര്‍സ്‌കൂള്‍ മത്സരത്തില്‍ കാട്ടാക്കട സ്‌കൂളിനെ പ്രതിനിധീകരിച്ചതും ആദിയായിരുന്നു. നാടിന്റെ അഭിമാനമായി മാറേയിണ്ടിരുന്ന ആദിയുടെ വിയോഗം നാട്ടുകാര്‍ക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണ്.
കഴിഞ്ഞ മാസം 30-നാണ് പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജന്‍ ആദിയെ കാറിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജന്‍ മൂത്രം ഒഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ മനപ്പൂര്‍വം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് കൊടും ക്രൂരത പുറത്തു വരുന്നത്.
അതേസമയം, കാട്ടാക്കടയിലെ പത്താം ക്ലാസുകാരന്‍ ആദിശേഖറിന്റെ കൊലപാതകത്തില്‍ പ്രതി പ്രിയരഞ്ജനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്ന് തന്നെ തെളിവെടുപ്പിന് സാധ്യതയുണ്ട്. ഇന്നലെയാണ് തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് പ്രിയ രഞ്ജനെ പിടികൂടിയത്.
Discussion about this post