തിരുവനന്തപുരം: മുൻവൈരാഗ്യത്തെ തുടർന്ന് പൂവച്ചലിൽ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് നാലാഞ്ചിറയിൽ താമസിക്കുന്ന പൂവച്ചൽ ‘ഭൂമിക’യിൽ പ്രിയരഞ്ജൻ (42) പിടിയിലായത്.
ഒളിവിലായിരുന്ന പ്രിയരഞ്ജന് വേണ്ടി പോലീസ് നാലുപാടും വലവിരിച്ച് അന്വേഷണം നടത്തുകയായിരുന്നു ഇതിനിടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിലെ സംഘം ഇയാളെ പിടികൂടിയത്. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറിനെ (15) ഇയാൾ െകാലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വെച്ച് കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാർ ഇടിച്ചിടുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് അപകടമരണമായി അവസാനിക്കേണ്ടിയിരുന്ന കേസിനെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് തെളിയിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെയും, അടുത്ത ബന്ധുവിന്റെയും മൊഴി പ്രതി കൃത്യം ചെയ്യാനുള്ള സാധ്യതകളെ സാധൂകരിച്ചിരുന്നു.
തുടർന്നാണ് പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു പറഞ്ഞു. പ്രതിക്ക് കുട്ടിയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അച്ഛനമ്മമാരുടെയടക്കം മൊഴി.
Discussion about this post