മുംബൈ: പരിശീലനത്തിനിടെ സഹപാഠിയെറിഞ്ഞ ജാവലിന്‍ കൊണ്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. ഹുജേഫ ദവാരെ (15) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ സ്കൂളിലാണ് ദാരുണ സംഭവം. മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്കൂളില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
താലൂക്ക്തല മത്സരത്തിനായുള്ള പരിശീലനത്തിനിടെയാണ് ഹുജേഫയുടെ തലയില്‍ സഹപാഠിയുടെ ജാവലിന്‍ കൊണ്ടത്. ഹുജേഫ ജാവലിന്‍ എറിഞ്ഞ ശേഷം സുഹൃത്ത് അതെടുത്ത് തിരിച്ചെറിഞ്ഞപ്പോഴാണ് അപകടം. ആ സമയം ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞ ഹുജേഫയുടെ ഇടതു കണ്ണിനടുത്തായാണ് ജാവലിന്‍ കൊണ്ടത്.
പരിശീലനത്തിന്റെയും അപകടത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും ജാവലിന്‍ കൊണ്ട ഉടന്‍ തന്നെ ഹുജേഫ താഴെ വീണെന്നും ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണല്‍ എസ്പി അതുല്‍ ജെന്‍ഡെ പറഞ്ഞു.
അതേസമയം ഗ്രൗണ്ടില്‍ ജാവലിന്‍ ത്രോ പരിശീലനത്തിനു കുട്ടികള്‍ക്ക് മാനേജ്മെന്റ് അനുമതി നല്‍കിയിരുന്നില്ലെന്ന് പി ടി അധ്യാപകന് ബന്ധുപവാര്‍ പറഞ്ഞു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 147 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി എസ്പി വ്യക്തമാക്കി.
Discussion about this post