ഹൈദരാബാദ്: ബൂത്ത് തല ബിജെപി പ്രവര്‍ത്തകരോടുള്ള പതിവ് സംവാദത്തിനിടെ ആന്ധ്രാ പ്രദേശിലെ പ്രവര്‍ത്തകരോട് കേരളത്തെ സംബന്ധിച്ച് പച്ചനുണകള്‍ പടച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊന്നു കൊണ്ടിരിക്കുകയാണെന്നും വി മുരളീധരന് എംപിയെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചെന്നും മോഡി സംവാദത്തിനിടെ പറഞ്ഞു. മോഡിയുടെ ‘എന്റെ ബൂത്ത് ഏറ്റവും ശക്തം’ എന്ന പരിപാടിയുടെ ഭാഗമായാണ് സംവാദമുണ്ടായത്.
‘രാജ്യത്ത് ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ ഹിംസയുടെ വഴി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ നമ്മുടെ എംപി വി മുരളീധരന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞു. അദ്ദേഹത്തെ കൊല്ലാന്‍ നോക്കി. എന്നിട്ട് പോലും ഒരു സമര്‍പ്പണബോധമുള്ള പ്രവര്‍ത്തകനെ പോലെ ഇന്ന് നിങ്ങളുടെ മുന്നില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ നമ്മുടെ പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വിജയത്തില്‍ ഭയക്കുന്ന രാഷ്ട്രീയ എതിരാളികളാണ് അക്രമം നടത്തുന്നത്. പേടിയുടെയും അരക്ഷിതാവസ്ഥയുടെയും ലക്ഷണമാണ് ഭീഷണിപ്പെടുത്തലുകളെന്നും മോഡി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധപ്രദേശിലെ പ്രചരണങ്ങളുടെ ചുമതല വി. മുരളീധരനും ദിയോധര്‍ റാവുവിനുമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ അഴിഞ്ഞാടിയ സംഘപരിവാറിന്റെ ആക്രമണങ്ങളെ മറച്ചുവെയ്ക്കുകയാണ് മോഡി ചെയ്തിരിക്കുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ ആരോപണമുയരുന്നു. ആക്രമണങ്ങളെ അപലപിക്കാതെയാണ് മോഡി കേരളത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post