ആലുവ: കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് രാത്രി ബസ് കയറാത്തതിനെ തുടർന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന യാത്രക്കാരൻ അങ്കമാലിയിൽ ബസെത്തിയിട്ടും ഇറങ്ങിയില്ല, ഒടുവിൽ ബസ് 16 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരനെ ഇറക്കി. അഷ്‌റഫ് എന്ന യാത്രക്കാരനാണ് നിയമം പാലിക്കാതെ സർവീസ് തുടർന്ന ബസിലെ ജീവനക്കാരെ ഒരു പാഠം പഠിപ്പിച്ചത്.
യാത്രക്കാർക്ക് അനുകൂലമായി ഉണ്ടാക്കിയ നിയമം ലംഘിച്ച് നിശ്ചിത സ്ഥലത്തേക്ക് ബസ് കൊണ്ടുപോകാത്തതിനെ തുടർന്നാണ് ഇറങ്ങാൻ വിസമ്മതിച്ചതെന്ന് യാത്രക്കാരനായ അഷറഫ് പറയുന്നു. കളമശേരിയിൽ നിന്നും ആലുവയിലേക്ക് ബസിൽ കയറിയ അഷ്‌റഫ് കെഎസ്ആർടിസി സ്റ്റാൻഡിലാണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ബസ് ജീവനക്കാർ സ്റ്റാൻഡിലേക്ക് പോകാൻ കൂട്ടാക്കിയില്ല. ഇതോടെ അഷ്‌റഫ് സ്റ്റാൻഡിലേക്ക് ബസ് പോകാതെ ഇറങ്ങില്ലെന്ന് കടുംപിടുത്തത്തിൽ തുടർന്നു.
ബസ് യാത്ര തുടരുകയും രണ്ടിടത്ത് നിർത്തി അഷ്‌റഫിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അഷ്‌റഫ് കൂട്ടാക്കിയില്ല. അങ്കമാലിയിൽ എത്തിയിട്ടും അഷറഫ് ഇറങ്ങാതിരുന്നതോടെ ഒടുവിൽ ട്രിപ്പ് മുടക്കി ബസ് ആലുവ സ്റ്റാൻഡിലേക്ക് തിരികെ ഓടിച്ചാണ് യാത്രക്കാരനെ ഇറക്കിയത്. സെപ്റ്റംബർ രണ്ടിനാണ് സംഭവമുണ്ടായത്.
തന്നോടൊപ്പം കളമശ്ശേരിയിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിലേക്കുള്ള ഏതാനും യാത്രക്കാർ കൂടി ബസിൽ കയറിയിരുന്നു. എന്നാൽ, ആലുവ സ്റ്റാൻഡ് പരിസരത്തേക്ക് ബസ് പോകില്ലെന്ന് കണ്ടക്ടർ പറഞ്ഞതോടെ മറ്റുള്ളവരെല്ലാം ഇറങ്ങി. രാത്രിയിൽ ആലുവ ടൗണിലേക്ക് ബസ് കയറണമെന്നാണ് നിയമം.ആലുവ സ്റ്റാൻഡിലേക്ക് ടിക്കറ്റെടുക്കാൻ ശ്രമിച്ചപ്പോൾ അത് പറ്റില്ലെന്ന് കണ്ടക്ടർ ദേഷ്യപ്പെട്ടെന്ന് യാത്രക്കാരൻ പറയുന്നു.
ആലുവ പുളിഞ്ചുവട് ജങ്ഷനിലും ബൈപ്പാസിലും ബസ് നിർത്തി, ടിക്കറ്റെടുത്ത എന്നോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സ്റ്റാൻഡിൽ പോകണമെന്ന നിലപാടിൽ ഉറച്ചുനിന്നു.ഇക്കാര്യം പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചിരുന്നു.
അവർ അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞാണ് അവിടെനിന്ന് ബസെടുത്തത്. പക്ഷേ, അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റു കണ്ടക്ടർമാരും ഡ്രൈവർമാരുമെത്തി ഇറക്കാൻ ശ്രമിച്ചു. മകന്റെ സുഹൃത്തായ എഐവൈഎഫ് നേതാവ് അനൂപ് വന്നതുകൊണ്ടാണ് അവർ തന്നെ കയ്യേറ്റം ചെയ്യാതിരുന്നതെന്നാണ് അഷ്‌റഫ് പറയുന്നത്.
തന്നെ ആലുവയിൽ എന്നെ ഇറക്കിവിടാൻ ശ്രമിച്ച സ്ഥലത്തിന് സമീപമാണ് ഒരു മാസം മുമ്പ് അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത്. രാത്രി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ് ഈ പരിസരം. ബസുകാർ സ്ത്രീകളെ ഉൾപ്പെടെ ഇവിടെയാണ് ഇറക്കിവിടുന്നത്. ഇതിന് എത്രയും വേഗം പരിഹാരം വേണമെന്ന് അഷറഫ് പറഞ്ഞു. സംഭവത്തിൽ അഷ്‌റഫ് കെഎസ്ആർടിസി ഡയറക്ടർക്കും പോലീസിലും പരാതി നൽകിയിരിക്കുകയാണ്.
Discussion about this post