മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം നേടാനായില്ല. സ്പിന്നർമാരായ ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നിവർക്കും ടീമിലിടം ലഭിച്ചില്ല.
രോഹിത് ശർമ ക്യാപ്റ്റനായി തുടരും. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. പരിക്ക് മാറി വരുന്ന സാഹചര്യത്തിൽ കെഎൽ രാഹുൽ ടീമിലിടം പിടിച്ചു. ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
അതേസമയം, ഏഷ്യാ കപ്പ് ടീമിനൊപ്പം ശ്രീലങ്കയിലുള്ള തിലക് വർമയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം ലഭിച്ചില്ല. ശ്രീലങ്കയിൽ എത്തി അജിത് അഗാർക്കർ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തിയതിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ടീം രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഷാർദുൽ താക്കൂർ, അക്ഷർ പട്ടേൽ, സൂര്യകുമാർ യാദവ്.
പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതിനു പിന്നാലെയാണ് ടീം പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
Discussion about this post