പട്ടാമ്പി: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് വല്ലപ്പുഴയിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവും ഭർത്തൃമാതാവും അറസ്റ്റിലായി. വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജന (26) മരിച്ച സംഭവത്തിൽ ഭർത്താവ് ബാബുരാജ്, ഭർത്താവിന്റെ അമ്മ സുജാത എന്നിവരാണ് പിടിയിലായത്. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ യുവതിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കുടുംബവഴക്കും ഭർതൃപീഡനവുമാണ് അഞ്ജനയുടെ ആത്മഹത്യക്കിടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവും ഭർത്തൃമാതാവും പിടിയിലാവുകയായിരുന്നു.
ഭർതൃവീട്ടിൽ മുമ്പും അഞ്ജന ക്രൂരമായ പീഡനങ്ങൾക്കിരയായിരുന്നു. തുടർന്ന് അഞ്ജന പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനുശേഷം കുറച്ചുകാലം അഞ്ജന സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. പിന്നീടാണ് ചെറുകോട്ടെ വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.
ആത്മഹത്യാപ്രേരണ, ഭർത്തൃപീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റുചെയ്തതെന്ന് ഷൊർണൂർ ഡിവൈഎസ്പി പിസി ഹരിദാസ് പറഞ്ഞു.
അറസ്റ്റുചെയ്ത പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി. അഞ്ജനയുടെ സംസ്കാരം കഴിഞ്ഞദിവസം നടന്നു. ശ്രീകൃഷ്ണപുരം പതിയപ്പാറ വീട്ടിൽ ഭക്തവത്സലന്റെയും രജനിയുടെയും മകളാണ് അഞ്ജന.അഭിനന്ദ് (അഞ്ച്), ആദിദേവ് (മൂന്ന്) എന്നിവർ മക്കളാണ്.
Discussion about this post