കോഴിക്കോട്: ബൈക്ക് ഷോറൂമില്‍ പ്രദര്‍ശനത്തിനുവച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയില്‍ പിടിയില്‍. കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍ കിരണ്‍ചന്ദ് (27) ആണ് അറസ്റ്റിലായത്. മൂരാട് പാലയാട് നട പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചശേഷം പണമടയ്ക്കാതെ ജീവനക്കാരനെ മര്‍ദിച്ച് കടന്നുകളഞ്ഞ ഇയാളെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി വടകര പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ച ബൈക്കാണെന്ന് മനസ്സിലായത്. നടക്കാവ് വണ്ടിപ്പേട്ടയിലെ കെവിആര്‍ ഷോറൂമില്‍ പ്രദര്‍ശനത്തിനുവച്ച കെടിഎം ബൈക്കാണ് ഇയാള്‍ ഗ്രില്‍സ് തകര്‍ത്ത് മോഷ്ടിച്ചത്. ഈ ബൈക്കുമായി വടകര ഭാഗത്തേക്ക് വരുന്നതിനിടെ ഞായറാഴ്ച രാവിലെ 6.30 ന് മൂരാട് ബ്രദേഴ്സിലെ മാധവം ഫ്യൂവല്‍സില്‍ പെട്രോള്‍ അടിക്കാന്‍ കയറി.
ഇന്ധനം അടിച്ച ശേഷം പണം ഗൂഗിള്‍ പേ വഴി അടയ്ക്കാമെന്ന് പറഞ്ഞു. പണം കിട്ടാതായതോടെ ജീവനക്കാരന്‍ ഇതിനെ ചോദ്യം ചെയ്തു. ഇതിനിടെ ഇയാള്‍ ജീവനക്കാരന്റെ മൂക്കിനിടിച്ച് വീഴ്ത്തി കടന്ന് കളയുകയായിരുന്നു. ഇതോടെ ബൈക്കിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Discussion about this post