തഴക്കര: മാലിന്യം നിറച്ച് റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറിനുള്ളില്‍ പേരും വിലാസവും ഒപ്പം ഫോട്ടോയും. ഇതോടെ മാലിന്യം നിക്ഷേപിക്കുന്നവരെ തിരഞ്ഞ് നടന്ന അധികൃതര്‍ക്ക് ഒടുവില്‍ ഒരാളെ കിട്ടി. പക്ഷേ ഏറെ അമ്പരപ്പിക്കുന്നത് ആ വിലാസത്തിലെ വ്യക്തിയെയാണ്. മറ്റാരുമല്ല മാവേലിക്കര സ്വദേശിയായ ഒരു അധ്യാപകന്റെ. മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരം പ്രവൃത്തി ചെയ്യുന്നത് എന്തുകൊണ്ടും തെറ്റ് തന്നെ. അതിനായി എട്ടിന്റെ പണിയാണ് പോലീസ് നല്‍കിയത്.
മാലിന്യം ഇട്ടത് അധ്യാപകന് ആണെന്ന് അറിഞ്ഞതോടെ ഇയാളെ പോലീസ് വിളിച്ചു വരുത്തിച്ചു. നിക്ഷേപിച്ചിരിക്കുന്ന മുഴുവന്‍ മാലിന്യവും നീക്കം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് പോലീസ് ഉത്തരവിട്ടു. ഉടനെ ജെസിബിയെ വിളിച്ച് വരുത്തിച്ച് മാലിന്യം നീക്കാനുള്ള നടപടിയും സ്വീകരിച്ചു. ജെസിബിയ്ക്കുള്ള പണവും അധ്യാപകന് തന്നെയാണ് നല്‍കിയത്.
തഴക്കര കുന്നം ചാക്കോപാടത്തിനു സമീപത്തു മാലിന്യം വലിച്ചെറിയുന്നതു പ്രദേശവാസികളെ ദുരിതത്തിലാക്കിയതോടെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ക്യാമറ സ്ഥാപിക്കുന്നതിനു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്യാമറ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്താന്‍ പോയപ്പോഴാണ് മാലിന്യങ്ങള്‍ അഴിച്ചു നോക്കാന്‍ ഇടയായതും അധ്യാപകന്റെ മാനഹാനിയ്ക്ക് ഇടവരുത്തിയതും. 10,660 രൂപയാണ് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി അധ്യാപകന്റെ കൈയ്യില്‍ നിന്ന് ഇറങ്ങിയത്. അതിനിടെ ഇന്നലെ പ്രദേശത്തു നിന്നു ലഭിച്ച പുതിയൊരു മാലിന്യക്കവറില്‍ നിന്ന് ഓണ്‍ലൈനില്‍ സാധനം വരുത്തിയ കൊല്ലകടവ് സ്വദേശിനിയുടെ വിലാസം ലഭിച്ചു. ഇതും പോലീസിനു കൈമാറിയിട്ടുണ്ട്.
Discussion about this post