മാനന്തവാടി: മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായ സ്ത്രീകൾ. മരിച്ച ഒൻപതു പേരെയും തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ ചിത്ര, ശോഭന, കാർത്യായനി, റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നാളെ ഉച്ചയ്ക്ക് 12ന് മക്കിമല എൽപി സ്‌കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് എത്തിക്കും. മരിച്ചവരുടെ സംസ്‌കാരചടങ്ങുകൾക്കായി അടിയന്തരമായി 10,000 രൂപ അനുവദിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
മരിച്ചവരെല്ലാം വയനാട് സ്വദേശികളായ തേയില തൊഴിലാളികളാണ്. ഇവരടക്കം 14 പേർ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ മണികണ്ഠൻ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. നാലു പേരുടെയും നില അതീവ ഗുരുതരമാണ്. ഉമാദേവി, ജയന്തി, ലത, മോഹനസുന്ദരി തുടങ്ങിയവരാണ് ചികിത്സയിൽ തുടരുന്നത്.
ഇതിനിടെ ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ബ്രേക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ മൊഴി നൽകി. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് ജീപ്പ് കണ്ണോത്ത് മലയ്ക്ക് സമീപം വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ടു 25 മീറ്റർ താഴ്ചയിൽ ാെകക്കയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് അപകടം ഗുരുതരമാക്കിയത്. ദീപു ട്രേഡിങ് കമ്പനിയുടേതാണ് അപകടത്തിൽ പെട്ട ജീപ്പ്. കെഎൽ 11 ഡി 5655 നമ്പർ ജീപ്പാണ് അപകടത്തിൽ പെട്ടത്. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികൾ ഡിടിടിസി കമ്പനിയിലെ തൊഴിലാളികളാണ്.
ഇതിനിടെ, സംഭവത്തിൽ മുഖ്യമന്ത്രിയും വയനാട് എംപിയും അനുശോചനം അറിയിച്ചു. തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റു അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എകെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാനന്തവാടിയിൽ തേയില തൊഴിലാളികളുടെ ജീവൻ അപഹരിച്ച ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ അധികാരികളുമായി സംസാരിച്ചതായും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും അപകടത്തിൽ പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ കുറിച്ചു.
Discussion about this post