കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതിയെ നിയമിച്ച അമിക്കസ് ക്യൂറിയെ ഒഴിവാക്കും. അമിക്കസ് ക്യൂറിയായ അഡ്വ. രഞ്ജിത് മാരാരെ ഒഴിവാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
രഞ്ജിത് മാരാർക്ക് കേസിലെ പ്രതിയായ നടൻ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദമം അംഗീകരിച്ചാണ് നടപടി. ഇതിന് തെളിവായി ദിലീപുമായുള്ള സാമ്പത്തിക രേഖകളും പ്രോസിക്യൂഷൻ കോടതിക്കു കൈമാറിയിരുന്നു.
നേരത്തെ, അഡ്വ. രഞ്ജിത് മാരാരും തന്നെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട്, ഇലക്ട്രോണിക് രേഖകളുടെ പരിശോധനയുടെ കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കോടതിയെ സഹായിക്കുന്നതിനാണ് അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചിരുന്നത്.
മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി സഹായത്തിനായി രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഇതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണത്തിനിടയിൽ ലഭിച്ച തെളിവുകൾ പ്രോസിക്യൂഷനു കൈമാറിയത്.
കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപുമായി രഞ്ജിത് മാരാർ പലവട്ടം പലതരത്തിൽ സംഭാഷണങ്ങൾ നടത്തിയതിന്റെ വാട്‌സാപ്പ് ചാറ്റുകളും ദിലീപിന്റെ അക്കൗണ്ടിൽനിന്ന് രഞ്ജിത് മാരാർക്ക് പണം അയച്ചതിന്റെ ചില രേഖകളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇതിന്റെ സാഹചര്യം വ്യക്തമല്ല.
പ്രതിപ്പട്ടികയിലുള്ള ആളുമായി ബന്ധമുള്ള അഭിഭാഷകൻ തന്നെ കേസിൽ കോടതിയെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിയായി വരുന്നതിനെ പ്രോസിക്യൂഷൻ എതിർക്കുകയായിരുന്നു. ഇത്തരമൊരു വിവാദം ഉയർന്ന പശ്ചാത്തലത്തിൽ തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് മാരാരും ഹൈക്കോടതിക്ക് കത്തു നൽകിയിരുന്നു. ഈ രണ്ട് ആവശ്യങ്ങളും പരിഗണിച്ചാണ് അമിക്കസ് ക്യൂറിയെ ഒഴിവാക്കാന് കോടതി തീരുമാനിച്ചത്.
Discussion about this post