അങ്കമാലി: പനി ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മരുന്ന് മാറി കുത്തിവെച്ച സംഭവത്തിൽ നഴ്സിന് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പേവിഷബാധയ്ക്കുള്ള മരുന്നാണ് പനിക്കുള്ള മരുന്നിന് പകരമായി മാറി നൽകിയത്. അങ്കമാലി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.
സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ട പ്രകാരം ആശുപത്രി സുപ്രണ്ട് ഡിഎംഒയ്ക്ക് ഫ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഴ്സിനെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനമായി.
കുട്ടിക്ക് മരുന്ന് കുത്തിവെച്ചത് കൂടെ ആളില്ലാത്ത സമയത്ത് ആയിരുന്നു എന്നും, ചീട്ട് പരിശോധിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ, നഴ്സിനെതിരേ ഒരു പരാതിയും തങ്ങൾക്ക് ഇല്ലെന്ന് പ്രതികരിച്ച് കുട്ടിയുടെ കുടുംബവും രംഗത്തെത്തി.
നിലവിൽ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. ഇത് പരിഹരിച്ചാൽ, മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും നഴ്സിനെതിരേ പരാതികളൊന്നും ഇല്ലെന്നും കുടുംബം വിശദമാക്കി.
Discussion about this post