കോഴിക്കോട്: കുണ്ടായിത്തോട് കരിമ്പാടം സ്പെഷ്യല്‍ അങ്കണവാടിയിലെ കുഞ്ഞ് ഹര്‍ഷനെയും ടീച്ചര്‍ ശില്‍പ്പയെയും കാണാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു നേരിട്ടെത്തി. കുഞ്ഞിക്കാലടിവെക്കുന്ന ഹര്ഷന്റെ വീഡിയോ മന്ത്രി ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇത് ഏറെ വൈറലാവുകയും ചെയ്തു. ഇതോടെയാണ് മന്ത്രി നേരിട്ടെത്തി ഹര്‍ഷനെ കണ്ടത്.
ഭിന്നശേഷിക്കാരെ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉള്‍പ്പെടെ എല്ലാവരുടെയും ചുമതലയാണെന്നും, അത്തരം കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ട സഹായം നല്കാന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഹര്‍ഷനു വേണ്ട എല്ലാവിധത്തിലുമുള്ള ശാസ്ത്രീയ പരിചരണവും ഉറപ്പാക്കിയ ശില്പ ടീച്ചര്‍ക്കും സ്പെഷ്യല്‍ അങ്കണവാടിക്കും എല്ലാ അഭിനന്ദനങ്ങളും മന്ത്രി അറിയിച്ചു.
ഇരു കൈകളും കാലുകളും നിലത്തുകുത്തി മാത്രം നടക്കുമായിരുന്ന ഹര്‍ഷനെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ശില്‍പ്പയുടെ പരിശീലനത്തിലൂടെയും മാതാപിതാക്കളായ ജയക്കുട്ടന്‍, സുനിത എന്നിവരുടെ അകമഴിഞ്ഞ പിന്തുണയിലൂടെയുമാണ് സ്വയം നടക്കാനുള്ള പ്രാപ്തിയിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ മിഷന് കീഴില്‍ നടപ്പാക്കിയ സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി (എസ്ഐഡി) പദ്ധതിയിലെ ചെറുവണ്ണൂര്‍ കരിമ്പാടം സ്പെഷ്യല്‍ അങ്കണവാടിയിലാണ് ഹര്ഷന് ഇപ്പോള്‍ പഠിക്കുന്നത്.
ഒരു വര്‍ഷത്തെ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് മറ്റു കുട്ടികളെപ്പോലെ നിവര്ന്നുനില്ക്കാനും പരസഹായമില്ലാതെ നടക്കാനും ഹര്ഷന് സാധിച്ചത്. സാധാരണ അങ്കണവാടിയിലെ കളിപ്പാട്ടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും പുറമെ ശാരീരിക വൈകല്യമുള്ളവര്‍ക്കായി വാക്കര്‍, സ്റ്റിക് സൈക്കിള്‍, നടത്തം പരിശീലിക്കാനുള്ള പാരലല്‍ ബാര്‍, ബാലന്‍സ് ബോര്‍ഡ് തുടങ്ങിയ നിരവധി ഉപകരണങ്ങള്‍ ഇവിടെയുണ്ട്.
Discussion about this post