തീയ്യേറ്ററില്‍ മികച്ച പ്രേക്ഷക പിന്തുണയോടെ വിജയക്കുതിപ്പ് തുടരുന്ന നിവിന്‍പോളി-റോഷന് ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ അണിയറ രഹസ്യങ്ങള്‍ പങ്കുവെച്ച് പ്രവര്‍ത്തകര്‍ ആരാധകരെ ഞെട്ടിക്കുകയാണ്. യഥാര്‍ത്ഥ മുതലക്കുളത്തില്‍ നിവിന്‍ പോളി അതിസാഹസികമായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വാര്‍ത്ത പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിലെ പിരമിഡ് സംഘട്ടനരംഗം ചിത്രീകരിക്കാന്‍ മാത്രം 1 കോടി ചിലവായെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരിക്കുകയാണ്.
പ്രേക്ഷകരെ വിസ്മയിപ്പിച്ച നിവിന്‍ പോളിയും സണ്ണിവെയ്നും ഒന്നിച്ചെത്തിയ പിരമിഡ് ഫൈറ്റ് രംഗത്തിന് മാത്രം ഒരു കോടി രൂപ ചെലവായി എന്നാണ് സംവിധായകന് വെളിപ്പെടുത്തുന്നത്. ‘2 വര്‍ഷത്തെ തങ്ങളുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് കായംകുളം കൊച്ചുണ്ണിയെന്നും. ഇതിലെ ആക്ഷന്‍ സീക്വന്‍സ് എല്ലാവരും എടുത്ത് പറഞ്ഞ ഒന്നാണെന്നും സംവിധായകന് വെളിപ്പെടുത്തി. ഒരു മനുഷ്യപിരമിഡിന്റെ അകത്ത് ഫൈറ്റ് നടന്നാല്‍ എങ്ങനെയുണ്ടാകും എന്നൊരു ആശയം ഉണ്ടായി. ഈ ആശയം ബോബി-സഞ്ജയ്യുടെ അടുത്ത് പറഞ്ഞു. അവര്‍ അഭിനന്ദിക്കുകയും ചെയ്തു.
പിന്നീട് അതിന്റെ ഒരു പ്രീവിസ് [PREVIZ] തയ്യാറാക്കുകയാണ് ചെയ്തത്. സിനിമയില്‍ സാധാരണ നമ്മള് സ്റ്റോറി ബോര്‍ഡ് ചെയ്യാറുണ്ട്. അതുപോലൊന്നാണ് പ്രീവിസ്. അനിമേറ്റഡ് രീതിയിലുള്ള ഷോട്ട് മൂവ്മെന്റ്സ് ആണ് പ്രീവിസ്. ബോംബെയിലുള്ള ഒരു കമ്പനിയാണ് ആനിമേറ്റഡ് രീതിയില്‍ മൂവ്മെന്റ് ഉള്ള പ്രീവിസ് ഒരുക്കിയത്. അതിനായി വൃത്താകൃതിയില്‍ സ്റ്റീല്‍ കൊണ്ടൊരു സ്ട്രെക്ച്ചര്‍ സൃഷ്ടിച്ച് അതില്‍ ആളുകളെ നിര്‍ത്തി കെട്ടിവെക്കുകയാണ് ചെയ്തത്.
മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം തയ്യാറാക്കിയെടുക്കുവാന്‍ സമയമെടുത്തത്. ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഒരു കോടി രൂപക്കടുത്ത് ചെലവ് വന്നിട്ടുണ്ട്. മുംബൈയില്‍ നിന്നും വന്ന ഗണപതി ബാപ്പയ് മോറിയ കലാകാരന്മാര്ക്ക് മാത്രം ദിവസം 15 – 20 ലക്ഷം രൂപ ചെലവ് വന്നു. രണ്ടു ദിവസമാണ് അവരുടെ സേവനം ചിത്രത്തിനായി വിനിയോഗിച്ചത്. ഈ ഫൈറ്റ് സീക്വന്‍സിന്റെ എല്ലാ ക്രെഡിറ്റ്സും ബോംബെയില്‍ വന്ന 270 ആളുകള്‍ക്കാണ് നല്‍കേണ്ടത്. സ്റ്റീല്‍ കമ്പിയില്‍ കെട്ടിയായിരുന്നു അവരെ ഉറപ്പിച്ച് നിര്‍ത്തിയിരുന്നത്. കുറച്ച് കഴിയുമ്പോള്‍ ആ സ്റ്റീല്‍ പഴുക്കും. അതൊക്കെ സഹിച്ചാണ് അവര്‍ നിന്നത്.’റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
Discussion about this post