ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ കൊടുങ്ങയ്യൂരിൽ ലൈംഗിക പീഡന ശ്രമം ചെറുത്ത വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 21-കാരനും സുഹൃത്തും പിടിയിൽ. ചെന്നൈ സ്വദേശികളായ അഗസ്റ്റിൻ അരുൺ, ഇയാളുടെ സുഹൃത്ത് സോളമൻ(22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇരുവരും ബന്ധുവായ 48-കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അരുണിന്റെ ബന്ധുവായ സ്ത്രീയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പീഡനശ്രമം ചെറുത്തതോടെയാണ് ഇയാൾ സ്ത്രീയെ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് 48-കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അരുണും സുഹൃത്തായ സോളമനും ഇവരുടെ വീട്ടിലെത്തിയിരുന്നതായി പോലീസ് കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ വീട്ടമ്മയെ കൊലപ്പെടുത്തിയത് അരുൺ ആണെന്നും സംഭവസമയം സോളമനും കൂടെയുണ്ടായിരുന്നതായും വ്യക്തമായത്.
Discussion about this post