കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾക്കിടെ ഉണ്ടായ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് അൻവർ സാദത്ത് എംഎൽഎ. പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്ത രേവദ് എന്നയാൾ പറഞ്ഞ കാര്യങ്ങൾ തെറ്റെന്ന് എംഎൽഎ പ്രതികരിച്ചു. പെൺകുട്ടി ഹിന്ദിക്കാരി ആയതിനാൽ പൂജാരിമാർ അന്ത്യകർമങ്ങൾക്ക് തയ്യാറായില്ലെന്ന വാദം തെറ്റാണെന്നും രേവദ് ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുകയായിരുന്നു എന്നും എംഎൽഎ പറഞ്ഞു. വാർത്തകൾ പുറത്തുവന്ന ശേഷമാണ് കാര്യങ്ങൾ വ്യക്തമായതെന്നും അദ്ദേഹം പ്രതികരിച്ചു.
ഓട്ടോ ഡ്രൈവറയ രേവദ് എന്നയാളാണ് ആലുവയിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്തത്. ഇയാൾ കർമ്മ ശേഷം പറഞ്ഞത് പലയിടത്തും പോയി അന്വേഷിച്ചെങ്കിലും പൂജ ചെയ്യാൻ ആരും തയ്യാറായില്ലെന്നും അതിനാൽ ഒരു കർമം മാത്രം ചെയ്ത് പരിചയമുള്ള താൻ മുന്നോട്ടുവരികയായിരുന്നു എന്നുമാണ്. ഇതേ തുടർന്ന് സോഷ്യൽമീഡിയയിലടക്കം ഇയാളെ വാഴ്ത്തി പോസ്റ്റുകൾ നിറഞ്ഞിരുന്നു.
എന്നാൽ ഇയാളുടെ ഈ വാദങ്ങൾ ശരിയല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കുട്ടിയുടെ സംസ്‌കാരത്തിന് അൽപം മുമ്പാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ കർമം ചെയ്യാൻ ഒരാളെ കിട്ടുമോ എന്നന്വേഷിച്ചത്. ഉടനേ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിനെ ഇക്കാര്യമറിയിച്ചു. അവർ പറഞ്ഞതനുസരിച്ച് പഞ്ചായത്ത് മെമ്പർ രമണൻ ചേലാക്കുന്ന് ആണ് ആളെ കൊണ്ടുവന്നതെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.
താൻ ആ സമയത്ത് അതിനു തയ്യാറായ ആളെ അഭിനന്ദിച്ചിരുന്നു. എന്നാൽ, മെമ്പറെ തെറ്റിദ്ധരിപ്പിച്ചാണ് അയാൾ എത്തിയതെന്നും പൂജാരിമാർ വരാൻ തയ്യാറായില്ലെന്ന് പറഞ്ഞത് തെറ്റാണെന്നുമാണ് ഇപ്പോൾ മനസ്സിലാകുന്നത്. ഇയാൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യം പരിശോധിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.
അതേസമയം, പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതനുസരിച്ച് പരിചയമുള്ള ഏതാനും പൂജാരിമാരെ വിളിച്ചിരുന്നങ്കിലും പെട്ടെന്ന് എത്താനുള്ള അസൗകര്യം മൂലമാണ് അവർ വരാതിരുന്നതെന്ന് ചൂർണിക്കര പഞ്ചായത്ത് മെമ്പർ രമണൻ ചേലാക്കുന്ന് പറയുന്നു. ഒൻപത് മണിയ്ക്ക് സ്‌കൂളിൽനിന്നും മൃതദേഹം എടുക്കണമായിരുന്നു. 8.50 ആയപ്പോഴാണ് കർമിയെ കിട്ടുമോ എന്ന് പ്രസിഡന്റ് ചോദിക്കുന്നത്. പലരെയും വിളിച്ചെങ്കിലും അത്രവേഗത്തിൽ എത്താൻ ആർക്കുമായിരുന്നില്ല. എങ്കിലും പൂജാദ്രവ്യങ്ങൾ സംഘടിപ്പിച്ചു.
ALSO READ- മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
ഈ സമയത്താണ് രേവദ് എന്നയാൾ തനിയ്ക്ക് കർമങ്ങൾ അറിയാമെന്നും കുട്ടിയ്ക്കായി കർമങ്ങൾ ചെയ്യാമെന്നും പറഞ്ഞുവന്നത്. ഇതിനുമുമ്പേ ഇയാൾ അവിടെ സജീവമായി ഉണ്ടായിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. പൂജാരിയെ അന്വേഷിക്കുന്നതും മറ്റും അയാൾ ഫോൺ വിളിക്കുന്നത് കേട്ടും മറ്റും മനസ്സിലാക്കിയിട്ടുണ്ടാകാമെന്നും രമണൻ ചേലാക്കുന്ന് കൂട്ടിച്ചേർത്തു.
പിന്നീട് അന്ത്യകർമങ്ങൾ ചെയ്ത ശേഷമാണ് ഹിന്ദിക്കാരി ആയതിനാൽ പെൺകുട്ടിയുടെ കർമങ്ങൾക്ക് പൂജാരിമാർ വന്നില്ലെന്ന് രേവദ് മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ഇതിനിടെ താൻ പറഞ്ഞത് തെറ്റാണെന്ന് രേവദ് തന്നെ സമ്മതിക്കുന്ന ഒരു വോയ്സ് ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. മതസ്പർധ വളർത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന് കാണിച്ച് രേവദിനെതിരേ അഡ്വ. ജിയാസ് ജമാൽ എറണാകുളം റൂറൽ എസ്.പി.യ്ക്ക് പരാതി നൽകിയിട്ടുണ്ട്.
Discussion about this post