തിരുവനന്തപുരം: കഴിഞ്ഞ ദിവസം പള്ളിക്കലിലെ പുഴയില്‍ വീണ് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകളില്‍ വീട്ടില്‍ സിദ്ദിഖ് (28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം പുഴയില്‍ വീണ് കാണാതായ ബന്ധു പകല്‍ക്കുറി മൂതല ഇടവേലിക്കല്‍ വീട്ടില്‍ അന്‍സല്‍ഖാന്റെ (19) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ഫോട്ടോയെടുക്കുന്നതിനിടെയാണ് മൂവരും കാല്‍വഴുതി പുഴയില്‍ വീണത്. അന്‍സലിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. അഞ്ച് ദിവസം മുമ്പായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. വിവാഹ വിരുന്ന് സത്കാരത്തിനായി പള്ളിക്കലിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.
വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും വാങ്ങിയശേഷം ഉച്ചയോടെയാണ് ഇവര്‍ ബന്ധുവീട്ടില്‍ എത്തിയത്. തുടര്‍ന്ന് പള്ളിക്കലാറ്റിന്റെ കരയില്‍ നിന്ന് ഫോട്ടോ എടുക്കാനായി ഇറങ്ങി. അഞ്ചരയോടെ പ്രദേശത്ത് വലയിടാനെത്തിയ പ്രദേശവാസികളാണ് പുഴവക്കില്‍ ചെരിപ്പുകളും ബൈക്കും കണ്ടെത്തിയത്.
also read: നടന് സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് പരിക്ക്
എന്നാല്‍ പരിസരത്തെല്ലാം ഇവര്‍ തെരഞ്ഞെങ്കിലും ആരെയും കണ്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കണ്ടെത്താന്‍ കഴിയാതായതോടെ സംശയം തോന്നിയ അവര്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇതിനിടെ മകനെയും വിരുന്നിനുവന്ന നവദമ്പതികളെയും കാണാതായതോടെ അന്‍സല്‍ഖാന്റെ മാതാപിതാക്കളും സ്ഥലത്തെത്തിയിരുന്നു.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും നടത്തിയ പരിശോധനയിലാണ് അന്‍സല്‍ഖാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നുരാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് സിദ്ദിഖിന്റെയും നൗഫിയയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Discussion about this post