ചിറയിന്‍കീഴ്: നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ തട്ടികൊണ്ടുപോയ നാടോടികള്‍ അറസ്റ്റില്‍. ശാന്തി, നാരായണന് എന്നിവരാണ് പിടിയിലായത്. തമിഴ്നാട് വടശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. തുടര്‍ന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ ചിറയിന്‍കീഴില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെയും പ്രതികളേയും തമിഴ്നാട് പോലീസിന് കൈമാറി.
കന്യാകുമാരി ജില്ലയിലെ വടശേരി ബസ് സ്റ്റേഷന് പുറത്ത് ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന വള്ളിയൂര്‍ നരിക്കുറവര്‍ കാളനിയിലെ മുത്തുരാജ-ജ്യോതിക ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഒരു സ്ത്രീ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ സ്പെഷ്യല്‍ പോലീസ് ഊര്‍ജിത പരിശോധന നടത്തിയിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടയിലാണ് കുട്ടിയുമായി നാടോടി സംഘം ട്രെയിനില്‍ കയറിയെന്ന വിവരം ലഭിക്കുന്നത്. ചിറയില്‍ കീഴില്‍ താമസിക്കുന്ന നാടോടികളാണ് കുട്ടിയെ തട്ടിയെടുത്തത്. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. അതേസമയം, വളര്‍ത്താനാണ് കുട്ടിയെ കൊണ്ടുവന്നതെന്നാണ് പ്രതികള്‍ പറയുന്നത്.
Discussion about this post