നിലമ്പൂർ: ജനജീവിതത്തിന് തടസമായ കാട്ടാനശല്യത്തിന് ഒരു പരിഹാരം കാണാനായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലേക്ക് ഒറ്റയാന്റെ മാസ് എൻട്രി. കല്ലുണ്ട ജുവന്റ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിനിടെയാണ് യോഗ സ്ഥലത്തേക്ക് കൊമ്പുകുലുക്കി ഒറ്റയാനെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ആറിന് കല്ലുണ്ട മദ്‌റസ ഹാളിലാണ് സർവകക്ഷി യോഗം ആരംഭിച്ചത്. ഇതിനിടെ യോഗസ്ഥലത്തിന് സമീപം കുന്നതേത്തിൽ അലവികുട്ടിയുടെ കമുകിൻ തോട്ടത്തിൽ ഒറ്റയാനെത്തുകയായിരുന്നു. തുടർന്ന് യോഗത്തിൽ പങ്കെടുത്തവർ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയെങ്കിലും ഒറ്റയാൻ കാട് കയറാൻ കൂട്ടാക്കിയില്ല.
വിവരം അറിയിച്ചതിനെ തുടർന്ന് അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മുഹ്‌സിന്റെ നേതൃത്വത്തിൽ ആർആർടി സേന എത്തി റബർ ബുള്ളറ്റും പടക്കവും ഉപയോഗിച്ച് രാത്രി പത്തോടെയാണ് ആനയെ കാടുകയറ്റിയത്. എ്‌നിട്ടും ഉൾക്കാട്ടിലേക്ക് പോകാതെ വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങിയ ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് വീണ്ടും കാട്ടിലേക്കയച്ചു.
അതേസമയം, സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനപ്രകാരം കാട്ടാനശല്യം പരിഹരിക്കുന്നതിനുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനം ബ്ലോക്ക് പഞ്ചായത്ത് അംഗം സഹിൽ അകമ്പാടത്തിന്റെയും ക്ലബ് പ്രസിഡന്റ് ഷംസീറിന്റെയും നേതൃത്വത്തിൽ ക്ലബ് ഭാരവാഹികളും കർഷകരും ചേർന്ന് ചൊവാഴ്ച ഡെപ്യൂട്ടി റേഞ്ചർക്ക് കൈമാറി.
നിലവിൽ കാടുണ്ട മുതൽ ഓക്കാട് വരെ നിലവിൽ കാലഹരണപ്പെട്ടുകിടക്കുന്ന സോളാർ ഫെൻസിങ് നന്നാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ബുധനാഴ്ച നാട്ടുകാരുടെ സഹകരണത്തോടെ പ്രവൃത്തി തുടങ്ങാനാണ് തീരുമാനമെടുത്തത്.
Discussion about this post